തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രം മുന്നോട്ടു വച്ച രണ്ട് നിര്‍ദ്ദേശങ്ങളും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ സംസ്ഥാനം, സമാന ചിന്താഗതിക്കാരായ മറ്റു സംസ്ഥാന ധനമന്ത്രിമാരുടെ യോഗം നാളെ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും യോഗം.
കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ ഇവയാണ്: കൊവിഡ് മൂലമുണ്ടായ നികുതി കുറവ് പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ വായ്പയെടുക്കണം. ബാക്കി കുറവ് നികത്താന്‍ കേന്ദ്രം വായ്പയെടുത്ത് നല്‍കാം. അല്ലെങ്കില്‍ മുഴുവന്‍ നഷ്ടപരിഹാരത്തിനും സംസ്ഥാനങ്ങള്‍ വായപ് എടുക്കണം. എന്നാല്‍, കൊവിഡ് മൂലമുണ്ടായ നികുതി കുറവ് ഉള്‍പ്പെടെ പരിഹരിക്കാന്‍ കേന്ദ്രം വായ്പയെടുത്ത് നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
അതേസമയം, കേരളമല്ല യോഗം വിളിച്ചുകൂട്ടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയും ഡല്‍ഹി ധനമന്ത്രി മനീഷ് സിസോദിയയും തോമസ് ഐസക്കും ചേര്‍ന്നാവും മറ്റ് മന്ത്രിമാരെ ക്ഷണിക്കുക. കേന്ദ്രം വായ്പയെടുത്താല്‍ സംസ്ഥാനത്തേക്കള് വായ്പാ നിരക്ക് കുറയും, ഓരോ സംസ്ഥാനത്തിന്റെയും നികുതി കമ്മി വ്യത്യസ്തമായതിനാല്‍ വായ്പാ പരിധി 0.5 ശതമാനം ഉയര്‍ത്തിയാലും എല്ലാവര്ക്കും ബാധകമാകില്ല തുടങ്ങിയ വാദങ്ങളും കേരളം ഉന്നയിച്ചതായി മന്ത്രി പറഞ്ഞു.