തിരുവനന്തപുരം: കനത്ത തോല്‍വിയ്‌ക്ക് ശേഷം നേതൃമാറ്റത്തിനുളള നിലവിളി ഉയരവെ തലസ്ഥാനത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു യോഗം. കെ ബാബു, ബെന്നി ബെഹനാന്‍, എം എം ഹസന്‍, കെ സി ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കെ സുധാകരന്റെ പേര് കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്ത് തുടരണമോ അതോ പകരം മറ്റൊരാള്‍ വരണമോയെന്ന ചര്‍ച്ചയും സജീവമാണ്. പ്രധാനമായും പ്രതിപക്ഷനേതൃ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത് വി ഡി സതീശന്റെ പേരാണ്. എന്നാല്‍ എ ഗ്രൂപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പേരാണ് മുന്നോട്ടുവയ്‌ക്കുന്നത്.

അതിനിടെയാണ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേര്‍ന്നത്. കവടിയാറിലുളള ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിന്റെ ഫ്ലാറ്റിലായിരുന്നു യോഗം. ഇന്നലെ തിരുവനന്തപുരത്തെത്തിയ ആര്യാടന്റെ അസുഖവിവരം തിരക്കാന്‍ എല്ലാവരും ഒരുമിച്ചെത്തിയതാണെന്നായിരുന്നു എം എം ഹസന്റെ പ്രതികരണം.

നേതൃതലത്തിലുളള അഴിച്ചുപണി എ ഗ്രൂപ്പ് ആഗ്രഹിക്കുന്നുണ്ട്. മുരളീധരനോ സുധാകരനോ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നെങ്കില്‍ എ ഗ്രൂപ്പിന്റെ നിലപാട് നിര്‍ണായകമാകും. സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുന്നെങ്കില്‍ പിന്തുണ നല്‍കണോ അതോ തിരുവഞ്ചൂരിനെ ഉയര്‍ത്തി സമ്മര്‍ദ്ദം ചെലുത്തണമോയെന്ന കാര്യങ്ങളടക്കം യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2