സംസ്ഥാനത്ത് ഡ്രൈവിങ് പഠനവും ലൈസന്‍സ് വിതരണവും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പിക്കാന്‍ നീക്കം. കേന്ദ്ര റോഡ് സുരക്ഷാ ബില്ലിന്റെ മറവിലാണ് ഈ നീക്കം. ഇത് നടപ്പായാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിനു ഡ്രൈവിങ് സ്‌കൂളുകളും ഓട്ടോ കണ്‍സല്‍റ്റന്റുമാരും പ്രതിസന്ധിയിലാവും.കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിങ് പഠനം പല സംസ്ഥാനങ്ങളിലും പുനരാരംഭിച്ചെങ്കിലും കേരളത്തില്‍ അനുവദിക്കാത്തത് ഊരാളുങ്കളിന് വേണ്ടിയാണ്. സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള സഹകരണ സംഘമാണ് ഊരാളുങ്കല്‍മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള സ്ഥാപനങ്ങള്‍ മാത്രമേ ഡ്രൈവിങ് പഠിപ്പിക്കാന്‍ പാടുള്ളൂ എന്ന പുതിയ നിര്‍ദേശത്തിന്റെ മറവിലാണ് നടപടികള്‍.

നിലവില്‍ കാലാവധി പൂര്‍ത്തിയായ ഡ്രൈവിങ് സ്‌കൂളുകള്‍ ലൈസന്‍സ് പുതുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മോട്ടര്‍ വാഹന വകുപ്പില്‍ നിന്ന് വൈകാതെ വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഊരാളുങ്കലിന് അനുകൂലമായി ഉപദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഊരാളുങ്കലിനെ ഏല്‍പിക്കാനുള്ള ശ്രമം എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അതിന് സമാനമാണ് ഇപ്പോള്‍ നടക്കുന്ന നീക്കം. രാജ്യത്ത് മോട്ടോര്‍ വാഹനവകുപ്പില്‍ ഏകീകൃത സോഫ്‌റ്റ്‌വേര്‍ സംവിധാനം വന്നതോടെ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് വിതരണം സ്തംഭനാവസ്ഥയിലാണ്. ആര്‍.ടി. ഓഫീസുകളില്‍ത്തന്നെ ലൈസന്‍സ് പ്രിന്റ് ചെയ്തുനല്‍കുന്ന സംവിധാനം മാറിയതോടെയാണ് ലൈസന്‍സ് വിതരണത്തില്‍ തടസ്സമുണ്ടായത്. കേരളത്തിലെ 79 മോട്ടോര്‍വാഹന ഓഫീസുകളിലായി രണ്ടു ലക്ഷത്തോളം ലൈസന്‍സ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 2019 ജനുവരി മുതലാണ് പുതിയ സോഫ്‌റ്റ്‌വേറായ ‘വാഹന്‍ സാരഥി’ നടപ്പാക്കിത്തുടങ്ങിയത്.

ഓരോ ആര്‍.ടി. ഓഫീസുകളിലും 3500 മുതല്‍ 5000 വരെ ലൈസന്‍സ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍, പ്രായോഗിക പരീക്ഷ പാസായി എന്ന രേഖ ലൈസന്‍സായി ഉപയോഗിക്കാനാണ് അപേക്ഷകരോട് നിര്‍ദേശിച്ചിട്ടുള്ളത്. സാരഥി സോഫ്‌റ്റ്‌വേറിന്റെ പരീക്ഷണ ഉപയോഗം നടന്ന കുടപ്പനക്കുന്ന്, ആലപ്പുഴ, കരുനാഗപ്പള്ളി ഓഫീസുകളില്‍ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെക്കൊണ്ട് സ്മാര്‍ട്ട്കാര്‍ഡ് ലൈസന്‍സ് നല്‍കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ നീക്കം.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2