നിയമസഭാ കൈയാങ്കളിക്കേസ്‌ അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയില്‍ ശ്രമിച്ച സംസ്‌ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരേ ഉന്നയിച്ച ആക്ഷേപത്തില്‍ ആകെ വെട്ടിലായി എല്‍.ഡി.എഫും കേരളാ കോണ്‍ഗ്രസ്‌ ജോസ്‌ കെ. മാണി വിഭാഗവും. മാണിയുടെ പേരു പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജോസ്‌ കെ. മാണി വിഭാഗത്തെ സി.പി.എം. നേതൃത്വം അനുനയിപ്പിച്ചിട്ടുണ്ടെങ്കിലും വിഷയം പരമാവധി ആളിക്കത്തിക്കാനുള്ള നീക്കത്തിലാണ്‌ കോണ്‍ഗ്രസും യു.ഡി.എഫും. കേരളാ കോണ്‍ഗ്രസ്‌ ജോസ്‌ വിഭാഗത്തില്‍ പ്രതിഷേധം പൂര്‍ണമായി ശമിച്ചിട്ടുമില്ല.

കെ.എം. മാണി അഴിമതിക്കാരനാണെന്ന്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെന്നു പറഞ്ഞായിരുന്നു വിവാദം. എന്നാല്‍ മാണിയുടെ പേരു കോടതിയില്‍ പരാമര്‍ശിച്ചില്ലെന്നും അന്ന്‌ ആ പ്രതിഷേധം ഉണ്ടാകാനുള്ള കാരണമാണ്‌ അഡ്വക്കേറ്റ്‌ ചൂണ്ടിക്കാട്ടിയതെന്നുമാണ്‌ സി.പി.എം. ജോസിനെ ബോധ്യപ്പെടുത്തിയിരിക്കുന്നത്‌. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ കെ.എം. മാണിയുടെ പേരില്ലെന്നും മാധ്യമങ്ങളില്‍ വന്നതുപോലെയുള്ള പരാമര്‍ശം ഉണ്ടായിട്ടില്ലെന്നുമാണ്‌ ബോധ്യപ്പെടുത്തിയിട്ടുള്ളത്‌. വിവാദപരാമര്‍ശം പുറത്തുവന്നപ്പോള്‍ തന്നെ ജോസ്‌ എതിര്‍പ്പ്‌ അറിയിക്കുകയും സി.പി.എം നേതാക്കള്‍ കൂടിയാലോചന നടത്തി വിഷയം പരിശോധിക്കുകയും ചെയ്‌തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോടതിയിലോ സത്യവാങ്‌മൂലത്തിലോ ഇത്തരത്തിലൊരു പരാമര്‍ശം ഉണ്ടാകില്ലെന്ന്‌ ഉറപ്പും നല്‍കിയിട്ടുണ്ട്‌. യു.ഡി.എഫിന്റെ അഴിമതിക്കെതിരായുള്ള സമരം എന്നായിരിക്കും ഇനിയുള്ള സമയത്ത്‌ കേസില്‍ നല്‍കാന്‍ പോകുന്ന വിശദീകരണം. ജോസ്‌ കെ. മാണിയേയും കേരള കോണ്‍ഗ്രസി(എം)നേയും തണുപ്പിക്കുന്നതിനുവേണ്ടി ഇന്നലെ സെക്രട്ടേറിയറ്റ്‌ യോഗം നടക്കുന്നതിനിടയില്‍ ആക്‌ടിങ്‌ സെക്രട്ടറി എ. വിജയരാഘവന്‍ തന്നെ പുറത്തുവന്നുവിശദീകരണം നല്‍കുകയും ചെയ്‌തിരുന്നു.

സർക്കാരിനെ സംബന്ധിച്ചിടത്തോളം നിയമസഭാ കയ്യാങ്കളി കേസ് നിർണായകമാണ്. പ്രധാന കുറ്റാരോപിതരിൽ ഒരാൾ മന്ത്രി വി ശിവൻകുട്ടിയാണ്. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് അഴിമതിക്കാരനായ ധനകാര്യ മന്ത്രിയെ തടയുവാനുള്ള ശ്രമത്തിന് ഭാഗമായി നിയമസഭയിൽ കയ്യാങ്കളി ഉണ്ടായി എന്നുള്ളത് തന്നെയാണ് സർക്കാരിന് കോടതിയിൽ സ്വീകരിക്കാവുന്ന ഏറ്റവും ശക്തമായ വാദമുഖം. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ അതുപോലും കോടതി തള്ളിക്കളയുന്ന അവസ്ഥയാണ്. വാദമുഖങ്ങൾ ഇനിയും ദുർബലപ്പെടുത്തിയാൽ കോടതി അപേക്ഷ തള്ളാനുള്ള സാധ്യത തന്നെയാണ് കൂടുതൽ. ഇത്തരമൊരു കേസിൽ ഒരു മന്ത്രി ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അദ്ദേഹത്തിൻറെ രാജിക്കായി മുറവിളി ഉയരും. അതുകൊണ്ടുതന്നെ ശിവൻകുട്ടിയെ സംബന്ധിച്ച് നിയമസഭാ കയ്യാങ്കളി കേസ് ഏറെ നിർണായകമാണ്.

ഇന്നലത്തെ വാക്‌പോര്‌ ഇങ്ങനെ:

ബാര്‍ കോഴ കേസില്‍ കെ.എം. മാണി കുറ്റക്കാരനാണെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണു മനസിലാക്കുന്നത്‌. കെ.എം.മാണിയുടെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താനുള്ള നീക്കം വിലപ്പോവില്ല
ജോസ്‌ കെ. മാണി

സുപ്രീം കോടതിയില്‍ കെ.എം. മാണിയുടെ പേര്‌ പരാമര്‍ശിച്ചിട്ടില്ല. മുന്നണിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു വാര്‍ത്ത നല്‍കി.
എ. വിജയരാഘവന്‍.

കേരളാ കോണ്‍ഗ്രസി(എം)ന്‌ കെ.എം മാണിയോട്‌ ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ ഒരു രാഷ്‌ട്രീയ തീരുമാനം എടുക്കണം. മാണിക്കെതിരേ നടത്തിയ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പുപയാന്‍ സി.പി.എം. തയാറുണ്ടോ?
വി.ഡി. സതീശന്‍

സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പ്‌. അന്നത്തെ യു.ഡി.എഫ്‌ സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെങ്കില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണിയെ മാത്രം എങ്ങനെ മാറ്റി നിര്‍ത്താനാകും.
രമേശ്‌ ചെന്നിത്തല

മുന്നണിയില്‍ ഇനിയും നില്‍ക്കണോ എന്ന്‌ ജോസ്‌ കെ. മാണി പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിത്‌. അധികാരമാണോ ആത്മാഭിമാനമാണോ വലുതെന്ന്‌ ജോസ്‌ കെ. മാണി തന്നെ പറയട്ടെ
മോന്‍സ്‌ ജോസഫ്‌

സി.പി.എമ്മിന്റെ തനിനിറം പുറത്തു വന്നു. അപമാനം സഹിച്ചു കേരള കോണ്‍ഗ്രസ്‌ ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ? ജോസ്‌ കെ മാണി ഇടതുമുന്നണിയുടെ കെണിയില്‍നിന്ന്‌ പുറത്തുവരണം.
എം.പി ജോസഫ്‌. (കെ.എം. മാണിയുടെ മരുമകന്‍ )

ജോസ്‌ കെ. മാണിക്ക്‌ മുന്നില്‍ ഉള്ളതു രണ്ടു വഴികളാണ്‌. അച്‌ഛന്‍ അഴിമതിക്കാരന്‍ ആയിരുന്നു എന്നു തുറന്നു സമ്മതിച്ച്‌ മുന്നണിയില്‍ തുടരാം. അല്ലെങ്കില്‍ മുന്നണിയില്‍ നിന്നു പുറത്തുപോകാന്‍ സാമാന്യ ബോധം കാണിക്കണം.
പി.സി. ജോര്‍ജ്‌.