നാൽപത്തൊൻപത് വർഷങ്ങൾക്കു ശേഷം കേരളത്തിന് ഒളിമ്പിക് മെഡൽ സമ്മാനിച്ച പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടറാക്കാനും തീരുമാനിച്ചു. ബുധനാഴ്ച വൈകിട്ടു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒളിമ്പിക്‌സിൽ പങ്കെടുത്ത മലയാളി താരങ്ങളായ സജൻ പ്രകാശ്, എം. ശ്രീശങ്കർ, അലക്‌സ് ആന്റണി, മുഹമ്മദ് അനസ്, കെ. ടി. ഇർഫാൻ, എം. പി. ജാബിർ, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, എന്നിവർക്ക് സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം നൽകും. ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങൾക്കായി ഇവർക്ക് നേരത്തെ അഞ്ചു ലക്ഷം രൂപ വീതം നൽകിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ താരങ്ങളെല്ലാം കേരളത്തിന്റെ കായിക മേഖലയ്ക്കാകെ പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്‌പോർട്‌സ് കൗൺസിലുകൾ ഒക്‌ടോബർ രണ്ടിനകം രൂപീകരിക്കും. ഇതിന്റെ നോഡൽ ഓഫീസറെ പഞ്ചായത്തുകൾ നിയമിക്കും. പഞ്ചായത്ത് സെക്രട്ടറി ഇതിന് നേതൃത്വം നൽകും. കളിക്കളങ്ങളില്ലാത്ത എല്ലാ പഞ്ചായത്തുകളിലും കളിക്കളം സൃഷ്ടിക്കാനുള്ള പ്രവർത്തനം സർക്കാർ ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തിനകം എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ യാഥാർത്ഥ്യമാകും. കായിക രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക