തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച്‌ എസ് സി ഇ ആര്‍ ടി ശുപാര്‍ശ മുന്നോട്ടുവച്ചിരുന്നു. പ്രധാനമായും എസ് സി ഇ ആര്‍ ടി വ്യക്തമാക്കിയിരുന്നത് മുന്‍കാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.

ഇത്തവണ ചോദ്യപേപ്പറില്‍ കൂടുതല്‍ ചോയ്സ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് അഭിപ്രായങ്ങള്‍ കൈമാറിയിരുന്നു. പരീക്ഷകള്‍ ഉദാരമായി നടത്തിയതിനാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. ഈമാസം ഏഴിന് ആരംഭിച്ച എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയത്തില്‍ 70 ക്യാമ്ബുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തത്. നിലവില്‍ ടാബുലേഷനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ടാബുലേഷന്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ സജീവമാക്കിയിട്ടുണ്ട്. ടാബുലേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്തമാസം പകുതിയോടെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്.