തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്ബത്തിക നഷ്ടം മറികടക്കനാണ് വില വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില ഉയരും.

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ടു നിരക്കിലായിരിക്കും മദ്യവില്‍പന. ബാറുകള്‍ക്കുള്ള മാര്‍ജിനില്‍ 25 ശതമാനമായും കണ്‍സ്യൂമര്‍ഫെഡിന്റെ മാര്‍ജിനില്‍ 20 ശതമാനമായിരിക്കുമെന്നും നികുതി വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ബെവ്‌കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 52 ദിവസങ്ങള്‍ക്കു ശേഷം തുറന്നപ്പോള്‍ മദ്യവില്‍പന ശാലകളിലേക്ക് ജനം ഒഴുകിയെത്തി. ബെവ് കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പണപ്പെട്ടികള്‍ നിറഞ്ഞു. ഒപ്പം സര്‍ക്കാര്‍ ഖജനാവും. അണ്‍ലോക്കിന്റെ ആദ്യ ദിനം റെക്കോര്‍ഡ് മദ്യ വില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. ബെവ് കോ ഔട്ട് ലെറ്റുകളില്‍ 52 കോടിയുടയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളില്‍ എട്ടു കോടിയുടേയും മദ്യം വിറ്റു. ഉയര്‍ന്ന ടി പി ആര്‍ ഉള്ള പ്രദേശങ്ങളിലെ മദ്യവില്‍പന ശാലകള്‍ തുറക്കാതെയാണ് ഇത്രയും ഉയര്‍ന്ന മദ്യ വില്‍പന നടന്നത്. ബാറുകളില്‍ നിന്നുള്ള മദ്യത്തിന്റെ കണക്ക് ഇതിനു പുറമേയാണ്.

നേരത്തേ 49 കോടി രൂപയുടെ മദ്യമായിരുന്നു പ്രതിദിന ശരാശരി വില്‍പന. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകള്‍ തുറക്കാതെയാണ് 52 കോടിയുടെ കച്ചവടം എന്നതും ശ്രദ്ധേയം. പാലക്കാട് തേങ്കുറിശിയിലാണ് കൂടുതല്‍ മദ്യം വിറ്റത്. 69 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്. തമിഴ്‌നാടുമായി ചേര്‍ന്നു കിടക്കുന്ന സ്ഥലമാണിത്. അതിനാലാകാം ഇത്രയും ഉയര്‍ന്ന വില്‍പനയെന്നാണ് ബെവ്‌കോയുടെ വിലയിരുത്തല്‍. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട് ലെറ്റില്‍ 66 ലക്ഷത്തിന്റെയും ഇരിങ്ങാലക്കുടയില്‍ 65 ലക്ഷത്തിന്റേയും കച്ചവടം നടന്നു.

കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലും കച്ചവടം പൊടിപൊടിച്ചു. എട്ടു കോടിരൂപയുടെ മദ്യമാണ് ഇന്നലെ വിറ്റത്. സാധാരണ ആറോ എഴോ കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ആലപ്പുഴയിലെ ഔട്ട് ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. 43.27 ലക്ഷംരൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട്ടെ ഷോപ്പാണ്. 40.1 ലക്ഷം രൂപയുടെ മദ്യം വിറ്റു. കൊയിലാണ്ടിയിലെ ഔട്ട് ലെറ്റില്‍ 40 ലക്ഷം രൂപയുടെ കച്ചവടവും നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്റേയും മൂന്നു ഷോപ്പുകള്‍ തുറന്നിരുന്നില്ല. വരും ദിവസങ്ങളിലും കച്ചവട കണക്കുകള്‍ ഉയരുമെന്നാണ് ബെവ് കോയുടെ വിലയിരുത്തല്‍. ചിലയിടങ്ങളിലെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് പരാതിയുണ്ട്. അതിനാല്‍ കര്‍ശന നിയന്ത്രണം വേണമെന്നും നിര്‍ദേശമുണ്ട്.