കോട്ടയം : കോട്ടയത്ത് രാത്രി നടന്ന ഗുണ്ടാ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും മറ്റൊരു യുവാവും ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു.

കോട്ടയം ചന്തയ്ക്കുള്ളിലെ ലോഡ്ജിനു സമീപം ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ആക്രമണത്തിനിരയായ നാലംഗസംഘം ഇവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. രാത്രി പത്തോടെ കാറിലും ബൈക്കിലുമായെത്തിയ പത്തിലേറെവരുന്ന സംഘം വടിവാളും മാരകായുധങ്ങളുമായി വീട്ടില്‍കയറി ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോട്ടയം പൊന്‍കുന്നം സ്വദേശിയായ യുവതിയും, തിരുവനന്തപുരം സ്വദേശി ഷിനുവുമാണ് ആക്രമണത്തില്‍നിന്നു കഷ്ടിച്ച്‌ രക്ഷപ്പെട്ടത്. പരിക്കേറ്റവര്‍ സംഭവത്തെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നും പ്ലംബിങ് ജോലിക്കായാണ് വീടെടുത്ത് താമസിക്കുന്നതെന്നുമാണ് പറഞ്ഞത്. എന്നാല്‍ വീട് വാടകയ്‌ക്കെടുത്ത ആളുകളല്ല ഇവിടെ താമസിച്ചിരുന്നതെന്ന് കെട്ടിട ഉടമ പറഞ്ഞതോടെ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലീസ്.ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. അക്രമികളെക്കുറിച്ചോ, ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചൊ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക