കൊച്ചിക്കടുത്ത് ചെറിയൊരു ദ്വീപ് രൂപപെടുകയാണ്. നേരിട്ട് കാണാന്‍ സാധിക്കുന്നില്ലെങ്കിലും ഈ ദ്വീപ് ഗൂഗിള്‍ മാപ്സ് സാറ്റലേറ്റ് ഇമേജില്‍ വ്യക്തമായി കാണാം. കിഡ്നി ബീന്‍ ആകൃതിയിലാണ് ഈ ദ്വീപ് രൂപപ്പെട്ടിരിക്കുന്നത്. വെസ്റ്റേണ്‍ കൊച്ചിയുടെ പകുതിയോളം വലിപ്പമുള്ള ദ്വീപാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാപ്പില്‍ കാണിക്കുന്നതല്ലാതെ കടലില്‍ അത്തരമൊരു ദ്വീപ് രൂപപ്പെട്ടതായി കാണുന്നില്ല. ഇത് വെള്ളത്തിനടിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മണല്‍തിട്ട ആയിരിക്കാം എന്നാണ് കരുതുന്നത്.

വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ദ്വീപായി ഗൂഗിള്‍ മാപ്സ് സാറ്റലേറ്റ് ഇമേജില്‍ കാണുന്ന ഭാഗം വെള്ളത്തിനടിയില്‍ ആയിരിക്കും എന്നാണ് അഭിപ്രായപ്പെടുന്നത്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ ചെല്ലനം കാര്‍ഷിക ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. ഈ മേഖലയിലെ തീരദേശത്തെ മണ്ണൊലിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് ഇതിനകം തന്നെ ഇക്കാര്യം പഠിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെല്ലാനം കര്‍ഷിക ടൂറിസം ഡെവലപ്പ്മെന്റ് പ്രസിഡന്റ് സേവ്യര്‍ ജുലപ്പന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് “ഈ ‘തിട്ട’ രൂപപ്പെടുന്നതിന്റെ കാരണങ്ങള്‍, കടല്‍ പ്രവാഹത്തിലും കടല്‍ ആക്രമണത്തിലും അത് വഹിക്കുന്ന പങ്ക്, ഈ മണല്‍ ശേഖരം ഉപയോഗിച്ച്‌ ചേലനം പഞ്ചായത്തില്‍ കൃത്രിമ തീരദേശ പോഷണത്തിനുള്ള സാധ്യത തുടങ്ങിയവ നിരവധി ചോദ്യങ്ങള്‍ പഠിക്കേണ്ടതുണ്ട് ” എന്നാണ്.കടലില്‍ ഇത്തരമൊരു ദ്വീപിന് സമാനമായ തിട്ട രൂപപ്പെട്ടതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് പഠനങ്ങള്‍ നടത്തണമെന്നും ജലപ്രവാഹത്തിലും തീരദേശത്തെ മണ്ണൊലിപ്പിലും ഇത് എന്ത് പങ്കുവഹിക്കുന്നുവെന്നും ഈ മണല്‍തിട്ട ചെല്ലാനത്തിലെ കൃത്രിമ തീര സംരക്ഷണത്തിനായി ഉപയോഗിക്കാമോ എന്നും പഠനങ്ങള്‍ നടത്തണം എന്നും കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന് ചേലനം കര്‍ഷിക ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, അണ്ടര്‍വാട്ടര്‍ ദ്വീപിനെക്കുറിച്ച്‌ ഗൂള്‍ മാപ്സ് സാറ്റലൈറ്റില്‍ കാണുന്ന ആകൃതിയല്ലാതെ മറ്റൊരു കാര്യങ്ങളും പുറത്ത് വന്നിട്ടില്ല. ദ്വീപ് കണ്ടെത്തി കഴിഞ്ഞാല്‍ ‘ദ്വീപിന്റെ’ ഘടനയും അതിന് കാരണമായ ഘടകങ്ങളും പഠിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ദ്വീപ് അല്ല മണല്‍തിട്ട രൂപപ്പെട്ടത് മാത്രമാണെന്നും അധികം വളരാന്‍ സാധ്യതയില്ലെന്നും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്.

ഏറെ ആശ്ചര്യത്തോടെയാണ് ഗൂഗിള്‍ മാപ്സ് സാറ്റലൈറ്റ് ഇമേജില്‍ മാത്രം കാണുന്ന കടലിലെ ദ്വീപിനെ കുറിച്ച്‌ ആളുകള്‍ സംസാരിക്കുന്നത്. എന്നാല്‍ വിദഗ്ദരുടെ കൂടുതല്‍ നിരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട്. മണല്‍തിട്ട രൂപപ്പെട്ടത് തീരദേശത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന കാര്യം ഇനിയും പഠിക്കേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.