മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് നൂറുശതമാനവും പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചെന്നിത്തലയ്ക്ക് ഹൈക്കമാന്റിനോട് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ അത് വ്യക്തിപരമാണ്. അതൊരിക്കലും കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനായി അദ്ദേഹം ഉപയോഗിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹത്തില്‍ നിന്ന് നൂറുശതമാനം പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുധാരന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു കെ സുധാകരൻറെ പ്രതികരണം.

കോണ്‍ഗ്രസിന്റെ ഒരു സീനിയര്‍ നേതാവാണ് ചെന്നിത്തല. അദ്ദേഹത്തെ തഴയാനോ മാറ്റിനിര്‍ത്താനോ ഞങ്ങള്‍ തയ്യാറാവില്ല, അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടിക്ക് അനിവാര്യമാണെന്നാണ് വിശ്വസിക്കുന്നത്. ഒരു കാരണവശാലും അദ്ദേഹത്തെ പാര്‍ട്ടി കൈവിടുകയോ ഒഴിവാക്കുകകയോ ചെയ്യില്ല. അദ്ദേഹത്തെ അക്കോമഡേറ്റ് ചെയ്യാന്‍ കോണ്‍ഗ്രസില്‍ ഒരുപാട് സ്ഥാനങ്ങളുണ്ട്. അത് ഹൈക്കമാന്റ് തീരുമാനിക്കും. കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പുള്ള എല്ലാകാലത്തും അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ പാര്‍ട്ടിയുടെ പൊതുവായ പാര്‍ട്ടിയുടെ പൊതുതാല്‍പര്യത്തില്‍ അതെല്ലാം അവസാനിപ്പിച്ചു ഒന്നായി മുന്നോട്ടുപോകുമെന്നും കെ സുധാരന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിനെ തളര്‍ത്തുന്നു എന്നും കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നു എന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും ഉള്‍ക്കൊണ്ട വസ്തുതയാണ്. അതുകൊണ്ടുതന്നെ അതിന് പൂര്‍ണവിരാമമിടാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിന് പാര്‍ട്ടികകത്തുനിന്ന് നൂറുശതമാനവും പിന്തുണകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. പുനസംഘടനയിലേക്ക് പാര്‍ട്ടി പോവുകയാണ്. നാലഞ്ചുമാസത്തിനകം അതില്‍ വ്യക്തതവരും. ബൂത്തുതലം മുതല്‍ കെപിസിസി വരെ മാറ്റം വരും. മാറേണ്ടവര്‍ മാറണം. പ്രവര്‍ത്തനത്തിന്റെ മികവ് നോക്കിയാണ് അതില്‍ തീരുമാനമെടുക്കുന്നത്. ഗ്രൂപ്പുകള്‍ ലിസ്റ്റുതരുന്ന കാലം കഴിഞ്ഞു. അങ്ങനെയൊരു ലിസ്റ്റ് ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക