സ്വപ്‌ന സുരേഷുമൊത്തുള്ള ജോയിന്റ് ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം സ്വപ്‌ന തന്നോട് വെളിപ്പെടുത്തിയിട്ടില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍. എന്‍ഫോഴ്‌മെന്റ ഇക്കാര്യം കോടതിയെ അറിയിച്ചു. ലോക്കറിലെ വസ്തുക്കള്‍ക്ക് താനും ഉത്തരവാദിയെന്ന് വേണുഗോപാല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ കമ്മീഷനാണെന്നായിരുന്നു സ്വപ്നയുടെ വാദം.കേസില്‍ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഈ മാസം 19നാണ് എന്‍ഫോഴ്സ്മെന്റ് വേണുഗോപാലിന്റെ മൊഴിയെടുത്തത്. സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണവിധേയനായ ശിവശങ്കറിന്റെ സുഹൃത്ത് കൂടിയാണ് ഇദ്ദേഹം.

അതേസമയം, ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയിട്ടില്ലെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ എറണാകുളത്തെ സെയ്ന്‍ വെഞ്ച്വേര്‍സ് ഡയറക്ടര്‍ വിനോദ്.പി.വി. മൊഴി നല്‍കി. ലോക്കറില്‍ നിന്നു ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിക്ക് ലഭിച്ച കമ്മിഷനാണെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഈ പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിച്ച കോടതി ഇവരുടെ കസ്റ്റഡി കാലാവധി കോടതി സെപ്റ്റംബര്‍ ആറു വരെ നീട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2