കോട്ടയം: വിൽപ്പനയ്‌ക്കെത്തിച്ച രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. കൂവപ്പള്ളി കുഴിക്കാട്ട് വീട്ടിൽ നൗഫൽ (19), കൂവപ്പള്ളി ഊഞ്ഞാട്ട് കളപ്പുരയ്ക്കൽ വീട്ടിൽ കെ.എഫ് അമൽ (22) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തിടനാട് പൊലീസും ചേർന്നു പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ലഹരി മാഫിയ സംഘങ്ങൾ സജീവമാകുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു, ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം ജില്ലാ പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പരിശോധന ശക്തമാക്കിയിരുന്നു.

ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം കിടങ്ങൂരിൽ രണ്ടു യുവാക്കളെ രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയത്. ജില്ലയുടെ കിഴക്കൽ മേഖലകളിൽ വൻ തോതിൽ കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് അമലും നൗഫലും കഞ്ചാവ് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചത്. തുടർന്നു പൊലീസ് സംഘം, ഇവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കാഞ്ഞിരപ്പള്ളി, എരുമേലി, തിടനാട് ഭാഗങ്ങളിലാണ് ഇവർ കൂടുതലായി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ശനിയാഴ്ച വൈകുന്നേരം ഇവർ പിണ്ണാക്കനാട് നിന്നും പാറത്തോട് ഭാഗത്തേയ്ക്കു കഞ്ചാവുമായി വരുന്നതായി സൂചന ലഭിച്ചതിനെ തുടർന്നു മൈലാടി ഭാഗത്തു വച്ച് പൊലീസ് ഇവരുടെ ബൈക്ക് തടയുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ചു കഞ്ചാവുമായി റബർ തോട്ടത്തിലൂടെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടിയാണ് പൊലീസ് പിടികൂടിയത്.

തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിജു, ഷാജി, എ.എസ്.ഐ ടോജൻ, സിനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോൺസൺ എ.ജെ, ജുനൈസ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്്, ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു, അജയകുമാർ കെ.ആർ, അരുൺ എസ്, അനീഷ് വി.കെ, ഷമീർ സമദ്, ഷിബു പി.എം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഓണത്തിനോടനുബന്ധിച്ചു പരിശോധനകളുടെ ഭാഗമായി ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ജില്ലയിൽ പരിശോധന ശക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക