ഗസ സിറ്റി: ഫലസ്തീനികള്‍ തെക്കന്‍ ഇസ്രായേലിലേക്ക് ‘ആക്രമണ ബലൂണുകള്‍’ അയച്ചെന്ന് ആരോപിച്ച്‌ ഗസയ്ക്കു നേരെ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് ഗസ മുനമ്ബില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യവും ഗസ നിവാസികളും അറിയിച്ചു. ആക്രമണം ലക്ഷ്യമിട്ടുള്ള ബലൂണുകള്‍ വിക്ഷേപിക്കുന്നതിനോടുള്ള തിരിച്ചടിയാണിതെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഗസയില്‍ ആളപായമുണ്ടായോ എന്ന് വ്യക്തമായിട്ടില്ല. ഇസ്രായേല്‍ ആക്രമണം സ്ഥിരീകരിച്ച ഹമാസ് വക്താവ്, ഫലസ്തീനികള്‍ തങ്ങളുടെ ധീരമായ ചെറുത്തുനില്‍പ്പ് തുടരുമെന്നും അവരുടെ അവകാശങ്ങളും പുണ്യനഗരങ്ങളും സംരക്ഷിക്കുകയും ചെയ്യുമെന്നും പറഞ്ഞു.മെയ് 21 ന് നടന്ന വെടിനിര്‍ത്തലിന് ശേഷം ഇസ്രായേലും ഗസയും തമ്മിലുള്ള ആദ്യത്തെ വ്യോമാക്രമണമാണിത്. ഇസ്രായേലിന്റെ 11 ദിവസത്തെ ആക്രമണത്തില്‍ 66 കുട്ടികളടക്കം 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയില്‍ ഇസ്രായേലിലെ പന്ത്രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, ബെഞ്ചമിന്‍ നെതന്യാഹുവിന് അധികാരം നഷ്ടപ്പെടുകയും നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തില്‍ പുതിയ ഇസ്രായേലി സഖ്യ സര്‍ക്കാര്‍ വാരാന്ത്യത്തില്‍ അധികാരമേല്‍ക്കുകയും ചെയ്തു. ഇതിനു ശേഷം നടന്ന ആദ്യ ആക്രമണമാണിത്.