കേരള വനിതാ കോൺഗ്രസ്-എം 55 ആം ജന്മദിന സമ്മേളന പോസ്റ്റർ വലിയ തമാശയായി മാറുകയാണ്. സ്ത്രീശാക്തീകരണം, സ്ത്രീസുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പോസ്റ്റർ പോലും പക്ഷേ വനിതാ സമത്വമോ, ശാക്തീകരണമോ ഉറപ്പാക്കുന്നില്ല എന്നതാണ് തമാശ. യശശരീരനായ കെഎം മാണിയുടെയും, അദ്ദേഹത്തിൻറെ മകനും പാർട്ടിയുടെ ഇപ്പോഴത്തെ ചെയർമാനുമായ ജോസ് കെ മാണിയുടെതും ഉൾപ്പെടെ 12 പേരുടെ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. എന്നാൽ ഈ പന്ത്രണ്ടു പേരിൽ കേവലം രണ്ടു വനിതാ നേതാക്കളുടെ മാത്രം ചിത്രങ്ങളെ ഉള്ളൂ. ബാക്കി പത്തു ചിത്രങ്ങളും പുരുഷന്മാരുടെതാണ്.

നിർമ്മല ജിമ്മി ഒഴികെ മറ്റൊരു വനിതയുടെയും പേരുമില്ല:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ്ത്രീ ശാക്തീകരണവും, സുരക്ഷയുമാണ് കേരള വനിതാ കോൺഗ്രസ്-എം സംഘടനയുടെ മുദ്രാവാക്യം എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാൻ കഴിയുക. എന്നാൽ ഈ പോസ്റ്ററിൽ പോലും 12 മുഖങ്ങളുള്ളതിൽ പത്തും പുരുഷ മുഖങ്ങളാണ് എന്നത് കൂടാതെ കാര്യപരിപാടി വിശദീകരിക്കുന്നിടത്ത് ഉദ്ഘാടകനായി എം പി തോമസ് ചാഴികാടൻറെ പേരും, അധ്യക്ഷയായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറും, സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുമായ നിർമ്മല ജിമ്മിയുടെ പേരും മാത്രമാണ് ഉള്ളത്.

ഇത്തരത്തിൽ പോസ്റ്ററിൽ പോലും സ്ത്രീകളുടെ പേരോ, ചിത്രമോ ഉൾപ്പെടുത്താത്ത ഒരു വനിതാ സംഘടന 55 വർഷത്തെ പ്രവർത്തന പാരമ്പര്യം അവകാശപ്പെടുമ്പോൾ ഇത്തരമൊരു സംഘടനയുടെ അർത്ഥശൂന്യത വെളിവാകുകയാണ്. ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളോട് പ്രസ്ഥാനത്തിൻറെ പോസ്റ്ററിൽ പോലും നീതിപുലർത്താൻ ആവാത്ത ഇത്തരം വനിതാ സംഘടനകൾ സ്ത്രീകൾക്കോ, സമൂഹത്തിനോ എന്തു തരത്തിലുള്ള സംഭാവനയാണ് നൽകുക എന്നതും ചിന്തിക്കേണ്ട വിഷയമാണ്.

ഒഴിവാക്കപ്പെട്ട് എൻ ജയരാജ്:

പ്രധാന നേതാക്കളുടെ ചിത്രങ്ങളുടെ കൂടെ പാർട്ടിയുടെ എംഎൽഎയും ചീഫ് വിപ്പുമായ എൻ ജയരാജ് ഒഴിവാക്കപ്പെട്ടതും വിശദീകരണം ഇല്ലാത്ത മറ്റൊരു വിഷയമാണ്. മന്ത്രി റോഷി അഗസ്റ്റിൻറെയും മറ്റെല്ലാ എംഎൽഎമാരുടെയും, എം പി യുടെയും, ചിത്രങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്ററിൽ നിന്ന് എൻ ജയരാജ് മാത്രം ഒഴിവാക്കപ്പെട്ടു എന്ന വസ്തുത പല ഊഹാപോഹങ്ങൾക്കും വഴിവെക്കുന്നുണ്ട്. പാർട്ടിയിലെ അധികാര സമവാക്യങ്ങളെ ചൊല്ലി നിലനിൽക്കുന്ന എന്തെങ്കിലും ആശയകുഴപ്പം ആണോ ഇതിന് പിന്നിലെന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ അന്വേഷിക്കുന്നത്.

സ്ഥിതി വ്യത്യസ്തമല്ലാതെ മറ്റ് പ്രമുഖ കക്ഷികളുടെ വനിതാ സംഘടനകളും:

കേരള കോൺഗ്രസിൻറെത് ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ എല്ലാം വനിതാ സംഘടനകൾ പലപ്പോഴും ദുർബലമായ കടലാസ് സംഘടനകളാണ്. സിപിഎം മാത്രമാണ് ഒരു പരിധി വരെ ഇതിന് ഒരു അപവാദം. കോൺഗ്രസിൻറെത് ഉൾപ്പെടെയുള്ള വനിതാ സംഘടനകൾ പലപ്പോഴും കടലാസ് സംഘടനയായി മാറുന്ന കാഴ്ചയാണ് കേരളരാഷ്ട്രീയത്തിൽ കാണുന്നത്. സമീപകാലത്ത് മുസ്ലിംലീഗ് പാർട്ടിയുടെ വനിതാ പോഷകസംഘടനയായ ഹരിത നേതാക്കൾക്കെതിരെ ലീഗിൽ നിന്ന് തന്നെ ഉയരുന്ന അടിച്ചമർത്തലും ഈ പശ്ചാത്തലത്തിൽ കൂട്ടി വായിക്കണം. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ് തനിക്ക് പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ പരസ്യമായി തലമുണ്ഡനം ചെയ്തത് വലിയ വാർത്ത സൃഷ്ടിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക