പരമ്പരാഗത യുഡിഎഫ് മണ്ഡലമായ ഇടുക്കി റോഷി അഗസ്റ്റിയനില്‍ നിന്ന് തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജ്ജ് കൊട്ടിക്കലാശത്തിലേക്ക് കടക്കുന്നത്. ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഭൂരിപക്ഷം കൂടുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് വിജയ പ്രതീക്ഷ ഇരട്ടിയാക്കുമ്പോള്‍ കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മധുര പ്രതികാരമാണ് നിറവേറുക.

കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തുള്ള ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ മുഖ്യഎതിരാളി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്ത് നിന്നും നിലവിലെ എംഎല്‍എ റോഷി അഗസ്റ്റിയനാണ്. പോരാട്ടം ഇഞ്ചോടിഞ്ചാണെന്ന് ചില മാധ്യമ സര്‍വ്വേകള്‍ പറയുമ്പോള്‍ ഭൂരിപക്ഷവും യുഡിഎഫ് മേല്‍ക്കൈയാണ് പ്രവചിക്കുന്നതെന്നതും മുന്നണിയുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ മറ്റൊരു കാലത്തും കാണാത്തവിധം ഒത്തിണക്കം ഇക്കുറി വ്യക്തമാണ്. ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പ്രചാരണങ്ങളില്‍ മുന്നില്‍ നിന്നതോടെ പരമ്പരാഗത യുഡിഎഫ് മണ്ഡലം അതിന്റെ ചായ്‌വ് കാണിക്കുമെന്ന ഉറപ്പിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജും ക്യാമ്പും. നാല് തവണ യുഡിഎഫ് വോട്ട് വാങ്ങി മണ്ഡലത്തില്‍ ജയിച്ച റോഷി അഗസ്റ്റിയന്‍ ഇക്കുറി മറുപാളയത്തില്‍ പോയതിലെ അമര്‍ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുണ്ട്. ആ അമര്‍ഷം ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടിയുള്ള വോട്ട് തേടലില്‍ ആവേശമായി മാറിയതോടെ ഇടുക്കിയിലെ വോട്ടര്‍മാരേയും കാര്യമായി സ്വാധീനിച്ചു.

ഇടുക്കിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയും പ്രചാരണവും വലിയ രീതിയില്‍ യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ ഇടതുപക്ഷത്തുള്ള മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജ് നടത്തിയ അശ്ലീല പരാമര്‍ശം യുവാക്കളെ വലിയ തോതില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇത് ഇടുക്കിയില്‍ ഇടതുപക്ഷത്തിന് ശക്തമായ ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഊന്നിപ്പറഞ്ഞ്് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പര്യടനങ്ങള്‍ കൊട്ടിക്കലാശത്തിലേക്ക് നീങ്ങുകയാണ്. പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ ഇടുക്കിയിലെ കര്‍ഷകരെ ബാധിക്കുന്ന നിര്‍മാണ നിരോധന ഉത്തരവ് മാറ്റി കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയില്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ഷകരുടെ താല്‍പര്യം മാത്രം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവസാന ഘട്ടത്തിലേക്ക് പ്രചാരണം കടന്നതോടെ വിജയ പ്രതീക്ഷയ്ക്ക് അപ്പുറം ഭൂരിപക്ഷം എത്രത്തോളം കൂടുമെന്ന് മാത്രമാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ക്യാമ്പിന്റെ ചിന്ത. അത്രമേല്‍ പ്രചാരണത്തില്‍ മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്കും മുന്നണിക്കും കഴിഞ്ഞു. കൊട്ടിക്കലാശത്തിനുള്ള ഒരുക്കങ്ങിലേക്ക് കടന്നിരിക്കുകയാണ് ഇടുക്കിയിലെ കേരള കോണ്‍ഗ്രസുകാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2