ലൗ ജിഹാദ് ആരോപണങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരണവുമായി സീറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. ലൗ ജിഹാദ് കെട്ടുകഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പറയേണ്ടത് പൊലീസും സര്‍ക്കാരുമാണെന്നും കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇതു പറഞ്ഞു കഴിഞ്ഞതായും പോള്‍ തേലക്കാട്ട് പറഞ്ഞു. ഇനി ലൗ ജിഹാദിന് വല്ലവരുടെയും കൈയ്യില്‍ തെളിവുണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കാന്‍ ഇവിടെ ആര്‍ക്കും കഴിയുമെന്നും ഇതൊന്നും ചെയ്യാതെ അങ്ങനെയൊന്നിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ട് നടക്കുന്നത് മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തിയാണ് പ്രതികരിക്കേണ്ടതെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് വന്ന കോടതി വിധിയില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് സൗഹൃദപരമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മുസ്‌ലിങ്ങളും ക്രൈസ്തവരും പരസ്പരം മനസ്സിലാക്കിയും അവരുടെ ഇടയിലെ അവശ വിഭാഗങ്ങളെ സഹായിക്കാന്‍ ശ്രമിക്കണമെന്നും പോള്‍ തേലക്കാട്ട് മറുപടി പറഞ്ഞു. മുസ്‍ലിം വിഭാഗത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിലും ഫാദര്‍ പോള്‍ തേലക്കാട്ട് നിലപാട് വ്യക്തമാക്കി. തീവ്രവാദപരവും മൗലികവാദപരവുമായ സമീപനങ്ങള്‍ ഏതു മതത്തിലും ഉണ്ടാകാമെന്നും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം ക്രിസ്തുമതത്തിലും ഇസ്‌ലാം മതത്തിലും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി. മതം മൗലികമായി ആരെയും വെറുക്കാനും ദ്രോഹിക്കാനും പഠിപ്പിക്കുന്നില്ല. മതത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നതില്‍ നിന്നു മാറി നില്‍ക്കാനും മനുഷ്യത്വത്തിന്‍റെ ഔന്നത്യത്തിലേക്ക് വളരാനും മതം കാരണമാകണമെന്ന് പോള്‍ തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈസ്തവരെയും മുസ്‌ലിങ്ങളെയും പരസ്പരം അകറ്റാന്‍ ശ്രമിക്കുന്നവര്‍ മതങ്ങളെ രാഷ്ട്രീയ ആയുധമാക്കി ലാഭമുണ്ടാക്കാനാണ് അത് ചെയ്യുന്നത്. അത് വിജയിപ്പിക്കാതിരിക്കാന്‍ സൗഹൃദവും പരസ്പര ബഹുമാനവും സഹകരണവും വര്‍ധിപ്പിക്കണം. മതങ്ങള്‍ക്കുപരിയായി നാമെല്ലാവരും ഒരു നാട്ടുകാരും സുഹൃത്തുക്കളുമായി ജീവിക്കാന്‍ ശ്രമിക്കണമെന്നും അപരനെ നിശബ്ദനാക്കുന്നതാണ് ഏറ്റവും വലിയ അധാര്‍മ്മികതയെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസില്‍ നടന്ന വിദ്വേഷ ചര്‍ച്ചകളെയും ഫാദര്‍ പോള്‍ തേലക്കാട്ട് തള്ളിപറഞ്ഞു. ഭരണകൂടവും അതിന്‍റെ മൗലികവാദസംഘടനകളും വ്യക്തികളെ വിലയ്ക്കുവാങ്ങി ഉപയോഗിക്കുന്നത് ചരിത്രത്തില്‍ സാധാരണമാണെന്നും പ്രതിപക്ഷ ബഹുമാനം, മാന്യമായ ഭാഷാ ശൈലി, യുക്തിസഹമായ ചിന്ത ഇതൊക്കെ സമൂഹത്തില്‍ നിന്നു മാഞ്ഞു പോകുന്നത് അപകടകരമായ സാംസ്‌കാരിക ക്ഷയത്തിന്‍റെ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ സാഹോദര്യത്തില്‍ വിഷം ചേര്‍ത്ത് വിദ്വേഷ പ്രചാരകര്‍ ഭാവിയുടെ മേല്‍ ഇരുട്ട് പരത്തുന്നുവെന്നും ഇത് വിവേകത്തോടെ തിരിച്ചറിയുന്ന ഒരു സാംസ്‌കാരിക നിലവാരം ജനങ്ങള്‍ കാത്തുസൂക്ഷിക്കും എന്നു വിശ്വസിക്കുന്നതായും അതിനുള്ള ശ്രമങ്ങളായിരിക്കും നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.