തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം അറിയിച്ച്‌ നാല് കോണ്‍ഗ്രസ് എംപിമാര്‍.

കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ആരോപണങ്ങൾ നേരിടുന്ന ഇടതുപക്ഷ മന്ത്രിസഭയ്ക്ക് തുടർ ഭരണ സാധ്യത ഇല്ലാതായി എന്ന തോന്നലാണ് മന്ത്രി പദവി എന്ന മോഹത്തെ താലോലിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരാനുള്ള നേതാക്കളുടെ ആഗ്രഹത്തിന് പിന്നിൽ.

മുസ്ലീം ലീഗില്‍ നിന്ന് പി.കെ കുഞ്ഞാലികുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന് പിന്നാലെയാണ് ഇവരുടെ നീക്കം. മോഡിയെ തുരത്താൻ ഡൽഹിക്കു പറന്ന കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള മടക്കത്തിന് പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. പാര്‍ലമെന്റിലേക്ക് മത്സരിച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ഈ എം പി മാരുടെ വാദം.

അതേസമയം, മുതിര്‍ന്ന നേതാക്കളുടെ നീക്കത്തില്‍ കോണ്‍ഗ്രസ് യുവനേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. പാർട്ടി പുനസംഘടന വരുമ്പോഴും, പാർലമെൻറ് തിരഞ്ഞെടുപ്പ് വരുമ്പോഴും, അസംബ്ലി തിരഞ്ഞെടുപ്പ് വരുമ്പോഴും എല്ലാം കൂടി വെട്ടിപ്പിടിക്കാൻ വിരിഞ്ഞിറങ്ങുന്ന ഇത്തരക്കാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത ഇല്ലാതാക്കി തീർക്കുമെന്ന് പാർട്ടിക്കുള്ളിൽ തന്നെ ആക്ഷേപമുണ്ട്.

കെ പി സി സി വർക്കിംഗ് പ്രസിഡണ്ടുമാരായ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും പാർലമെൻറിലേക്ക് മത്സരിച്ചപ്പോൾ തന്നെ ആക്ഷേപമുയർന്നിരുന്നു. വടകരയും, ആറ്റിങ്ങലും എൽഡിഎഫിൽ നിന്ന് പിരിച്ചെടുത്ത മുരളീധരനും, അടൂർ പ്രകാശും എം പി സ്ഥാനം രാജി വച്ചാൽ ഈ രണ്ടു സീറ്റുകൾ വിജയിക്കുമെന്നും ഉറപ്പില്ല. സംസ്ഥാനത്ത് അർഹമായ പദവികൾ നിഷേധിക്കപ്പെട്ട ഒരു തലമുറ തന്നെ കോൺഗ്രസിൽ ഉള്ളപ്പോൾ ഇവരുടെ നിയമസഭാ സ്ഥാനാർഥി മോഹങ്ങൾ ആഭാസകരം ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2