വാഷിങ്ടണ്‍ :കോവിഡ് ബാധയെ തുടര്‍ന്നു വിദേശ വിര്‍ദ്യാര്‍ഥികളോട് രാജ്യം വിട്ടു പോകണമെന്ന ട്രംപിന്റെ ഉത്തരവ് പിന്‍വലിച്ചു.മാസങ്ങള്‍കഴിഞ്ഞിട്ടും കോവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോംമുകളിലേക്ക് മാറ്റിയിരുന്നു.എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സെപ്റ്റംബര്‍-ഡിസംബര്‍ സെമസ്റ്ററുകളിലെ പഠനം മുഴുവനായും ഓണ്‍ലൈനിലേക്ക് മാറ്റുന്ന സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ഥികള്‍ അമേരിക്ക വിട്ടു പോകണണെന്നും അല്ലാത്തപക്ഷം നാടുകടത്തേണ്ടി വരുമെന്നുംഭരണകൂടം അറിയിച്ചത്.
എന്നാല്‍ ഭരണകൂടത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാര്‍വാര്‍ഡ്, മസ്സാച്ചുസെറ്റ്‌സ്, ജോണ്‍സ് ഹോപ്കിന്‍സ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടിക്കെതിരെ മുന്‍നിര ടെക്‌നോളജി കമ്പനികളും കൂട്ടുചേര്‍ന്നതോടെയാണ് ഭരണകൂടം തീരുമാനമുപേക്ഷിച്ചത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് വിദേശവിദ്യാര്‍ഥികള്‍ക്ക് മേല്‍ പുതിയ താത്ക്കാലികവിസാനയം നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. പുനരാരംഭിക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വകലാശാലകള്‍ ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു. കൂടാതെ ട്യൂഷന്‍ ഫീസിനത്തില്‍ ലഭിക്കുന്ന മികച്ച വരുമാനം നിലയ്ക്കുന്നത് സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ന്യൂജഴ്‌സി, കൊളറാഡോ, കൊളംബിയ ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകള്‍ നല്‍കിയ കേസുകളില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്‌സബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികള്‍ കക്ഷി ചേര്‍ന്നിരുന്നു. പുതിയ വിസ നിര്‍ദേശങ്ങള്‍ റിക്രൂട്ടിങ് പദ്ധതികളെ തടസപ്പെടുത്തുമെന്ന് വാദിച്ചു കൊണ്ട് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഐടി അഡ്വക്കസി ഗ്രൂപ്പ് എന്നിവര്‍ താത്ക്കാലിക നിരോധനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലും കമ്പനികള്‍ പങ്കു ചേര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2