യൂട്യൂബ് (You Tube) ആദ്യ വീഡിയോക്ക് 16 വര്‍ഷം പിന്നിടുകയാണ്. ഒരു വീഡിയോയില്‍ തുടങ്ങി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വീഡിയോ പ്ലാറ്റ്‌ഫോമായി യൂട്യൂബ് എത്തി നില്‍ക്കുന്നു. പുതുമയും ക്രിയാത്മയും നിറഞ്ഞ വീഡിയോ കണ്ടന്റുകളാണ് ഈ വളര്‍ച്ചക്ക് കാരണം. ഇന്ന് 230 കോടി ഉപയോക്താക്കള്‍ ഉള്ള യൂട്യൂബില്‍ ആദ്യമായി അപ്ലോഡുചെയ്ത വീഡിയോ ഏതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

യൂട്യൂബ് സഹസ്ഥാപകന്‍ ജാവേദ് കരീം ആയിരുന്നു ആദ്യമായൊരു വീഡിയോ അപ്ലോഡ് ചെയ്തത്. 2005 ഏപ്രില്‍ 23ന് അദ്ദേഹം കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ മൃഗശാല സന്ദര്‍ശിച്ചതിന്റെ വീഡിയോയായിരുന്നു പോസ്റ്റ് ചെയ്തത്.19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുളള ഈ വീഡിയോ ജാവേദ് എന്ന് പേരുളള ചാനലിലൂടെയാണ് അപ്ലോഡ് ചെയ്തത്.

ഇതുവരെ 16 കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. 75 ലക്ഷത്തോളം ലൈക്കുകളും രണ്ടു ലക്ഷത്തിനടുത്ത് ഡിസ്ലൈക്കുകളും 1.1 കോടി കമന്റുകളും ഈ വിഡിയോയ്ക്കുണ്ട്. ‘മി അറ്റ് ദ സൂ’ എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് പേര് നല്‍കിയത്. ഈ വീഡിയോയ്ക്ക് ശേഷം മറ്റൊരു വീഡിയോ പോലും ഈ ചാനലില്‍ പിന്നീട് വന്നിട്ടില്ലെങ്കിലും ഏറെ അത്ഭുതകരമായ കാര്യം എന്തെന്നാല്‍ നിശ്ചലമായി കിടക്കുന്ന ഈ യൂട്യൂബ് ചാനലിന് 18 ലക്ഷം സബ്‌ക്രൈബേഴ്‌സ് ഉണ്ട് എന്നതാണ് .

2005 ഫെബ്രുവരി 14നാണു യൂട്യൂബ് ആദ്യമായി തുടങ്ങിയത്. സീറ്റീവ് ഷെന്‍, ചാഡ് ഹര്‍ലി, ജാവേദ് കരിം എന്നീ മൂന്നു ചെറുപ്പക്കാര്‍ ചേര്‍ന്നായിരുന്നു ഈ സംരംഭത്തിന് തുടക്കമിട്ടത്. പേയ്പാല്‍ കമ്ബനിയുടെ മുന്‍ ജീവനക്കാരായിരുന്നു ഇവര്‍. ഡിസംബറായപ്പോഴേക്കും 20 ലക്ഷം വീഡിയോ കാഴ്ചക്കാര്‍ യൂട്യൂബിനുണ്ടായി. തൊട്ടടുത്ത വര്‍ഷം ഇത് അഞ്ച് ഇരട്ടിയായി മാറി. എന്നാല്‍ പിന്നീട് തങ്ങളുടെ കൈയിലെ സൗകര്യങ്ങള്‍ വച്ച്‌ യൂട്യൂബ് നടത്തുക പ്രാവര്‍ത്തികമല്ലെന്നു മനസ്സിലാക്കിയ സ്ഥാപകര്‍ കമ്ബനി ഗൂഗിളിനു (google) കൈമാറുകയായിരുന്നു. ഇന്നത് 230 കോടി ഉപയോക്താക്കളിലെത്തി നില്‍ക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2