ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ലക്ഷ്യം തേടി പൊലീസ്. ഇവർക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിൽ യു.പി പൊലീസ്. അറസ്റ്റിലായവർക്ക് സ്‌ഫോടക വസ്‌തുക്കള്‍ ലഭിച്ചത് ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹീദ്ദീന്‍ വഴിയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഇവര്‍ക്കൊപ്പം ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേരളത്തില്‍ കേസുകളുണ്ട്. ബസന്ത പഞ്ചമി ദിനത്തില്‍ യു.പിയില്‍ ഉടനീളം ഇവര്‍ സ്‌ഫോടനങ്ങൾ നടത്താൻ ലക്ഷ്യമിട്ടിരുന്നു. ആദ്യം യു.പി, ശേഷം ഇന്ത്യ എന്ന പദ്ധതിയായിരുന്നു ഇവർക്ക് ഉണ്ടായിരുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചെന്നും ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഭീകരവിരുദ്ധ സേന വ്യക്തമാക്കി. ഹിന്ദു സംഘടനാ നേതാക്കളെയും ഇവർ ലക്ഷ്യമിട്ടിരുന്നു. ഭീകരാക്രമണങ്ങൾ നടത്താൻ ഇവർക്ക് വിദേശത്ത് നിന്നും ധനസഹായം ലഭിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, പിടിയിലായ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബന്ധപ്പെട്ടാണ് ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് പോയതെന്നാണ് സംഘടന നൽകുന്ന വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2