ഡല്‍ഹി: 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ഡല്‍ഹി കോടതി. കലാപവും കവര്‍ച്ചയും നടത്തിയെന്ന കുറ്റങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളോ സാക്ഷിമൊഴികളോ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

ബട്ടൂര എന്നറിയപ്പെടുന്ന സുരേഷ് എന്നയാള്‍ക്കെതിരെയുള്ള കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാഭ് റാവത്ത് പ്രോസിക്യൂഷനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഇയാളെ വെറുതെ വിടുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും കോടതി പറഞ്ഞു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാണ്. അതില്‍ സംശയമേയില്ല. പ്രോസിക്യൂഷന്റെ വാദങ്ങളോട് യോജിക്കാത്ത പരസ്പരവിരുദ്ധമായ മൊഴികളാണ് എല്ലാ സാക്ഷികളും നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേസില്‍ പറയുന്ന കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന ഒരു സാക്ഷിമൊഴി പോലുമില്ലെന്നും ഇയാളുടെ തിരിച്ചറിയലും വ്യക്തിവിവരങ്ങളും കൃത്യമായി ശേഖരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. 53 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആദ്യമായി കോടതി വിധി പറയുന്ന കേസാണിത്. നിരവധി പേര്‍ ഈ കേസുമായി ബന്ധപ്പെട്ട് വിചാരണത്തടവില്‍ കഴിയുകയാണ്.

2020 ഫെബ്രുവരി 25ന് സുരേഷും മറ്റുള്ളവരും ചേര്‍ന്ന് ഡല്‍ഹിയിലെ ബാബര്‍പൂര്‍ റോഡിലുണ്ടായിരുന്ന ആസിഫ് എന്ന യുവാവിന്റെ കട തകര്‍ത്ത് സാധനങ്ങള്‍ കൊള്ളയടിച്ചുവെന്നായിരുന്നു കേസ്. ആസിഫിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കടമുറിയുടെ ഉടമയായ ഭഗത് സിംഗ്, സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ സുനില്‍ എന്നിവര്‍ സുരേഷ് ഈ അക്രമം നടത്തിയ ജനക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നു.

മുസ്‌ലിമിന്റേതായാതുകൊണ്ട് കട കൊള്ളയടിക്കുമെന്നായിരുന്നു കലാപകാരികള്‍ പറഞ്ഞിരുന്നതെന്നും അവര്‍ വളരെ അക്രമാസക്തരായിരുന്നുവെന്നും ഭഗത് സിംഗ് പറയുന്നു. ആസിഫ് അവരെ തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ലെന്നും ഭഗത് സിംഗ് പറഞ്ഞിരുന്നു. 2020 ഏപ്രില്‍ ഏഴിന് അറസ്റ്റിലായ സുരേഷ് 2021 ഫെബ്രുവരി 25നായിരുന്നു ജാമ്യത്തിലിറങ്ങിയത്.