ഒടുവിൽ കഫീൽഖാന് മോചനം നൽകി അലഹാബാദ് ഹൈക്കോടതി. കഫിൽ ഖാന്റെ മേൽ ചുമത്തിയ വകുപ്പുകൾ നീക്കിയ കോടതി കഫീൽ ഖാന് മേൽ ചുമത്തിയ ദേശീയ സുരക്ഷ നിയമം നിലനിൽക്കില്ല എന്ന് നിരീക്ഷിച്ചു.കൂടാതെ അദേഹത്തിന്റെ തടവ് നിയമ വിരുദ്ധമാണന്നും കോടതി വ്യക്തമാക്കി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വേട്ടയാടിയത്. 2019 ഡിസംബര്‍ 10 നായിരുന്നു പ്രസംഗം. തുടര്‍ന്ന് ജനുവരിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഫെബ്രുവരി 13 ന് അദ്ദേഹത്തിനുമേല്‍ ദേശീയസുരക്ഷാ നിയമം ചുമത്തി. കോടതി ജാമ്യം നല്‍കിയിട്ടും പുറത്തിറങ്ങാതിരിക്കാനായിരുന്നു ഇത്.

 

ജാമ്യം ലഭിച്ചാല്‍ എന്‍എസ്എ ചുമത്താന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഇത് നിലനില്‍ക്കെയായിരുന്നു യുപി പൊലീസിന്റെ നടപടി. എന്‍എസ്എ ചുമത്തിയാല്‍ ഒരു വര്‍ഷം വരെ ജാമ്യം നല്‍കാതെ തടവില്‍ സൂക്ഷിക്കാനാകും. തുടര്‍ന്ന് ഓഗസ്റ്റ് 16 ന് ഇദ്ദേഹത്തിന്റെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി അലിഗഡ് ജില്ലാ മജിസ്‌ട്രേട്ട് ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലിലാണ് അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ദേശീയ സുരക്ഷാ നിയമം നിലനില്‍ക്കില്ലെന്നും തടവ് നിയമവിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കയത്. ഐപിസി 153 എ വകുപ്പ് ചുമത്തിയാണ് ഇദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്.

 

പിന്നീട് 153 ബി, 505 (2) എന്നീ വകുപ്പുകളും ചുമത്തി. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്‌ വിരുദ്ധമായിപ്രവര്‍ത്തിക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്തല്‍ തുടങ്ങിയവയാണ് ആരോപിച്ചത്. ഇത്തരത്തില്‍ എന്‍എസ്എ കൂടി ചേര്‍ക്കുകയായിരുന്നു. 2017 ഓഗസ്റ്റില്‍ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ അഭാവം മൂലം 60 കുട്ടികള്‍ മരിച്ചപ്പോഴാണ് ഡോ. കഫീല്‍ ഖാന്‍ ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. സ്വന്തം ഇടപെടലില്‍ ഓക്‌സിജന്‍ സിലിണ്ടറെത്തിച്ച് അദ്ദേഹം നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചിരുന്നു. ഈക്കാര്യത്തിൽ കഫീൽ ഖാൻ സർക്കാരിനെതിരെ തിരിഞ്ഞതോടെയാണ് പ്രതികാര നടപടിയെന്നോണം ഇദ്ദേഹത്തിനെതിരെ കേസ് എടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തത്. തുടർന്ന് ഒമ്പത് മാസത്തോളം ജയിലിൽ കിടന്ന ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ചെയ്തു.പിന്നിട് ഇദ്ദേഹം കുറ്റക്കാരനല്ല എന്ന് കോടതിയിൽ തെളിഞ്ഞതോടെ കോടതി വെറുതെ വിട്ടു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2