പാലക്കാട്: പലിശയ്ക്ക് പണം നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. പറലോടി സ്വദേശി വേലുക്കുട്ടിയാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. വാങ്ങിയ മൂന്ന് ലക്ഷത്തിന് പകരം പത്ത് ലക്ഷത്തിലധികം നല്‍കിയിട്ടും കൊവിഡ് കാലത്ത് കിടപ്പാടം ഉള്‍പ്പടെ എഴുതി വാങ്ങാന്‍ ബ്ലേഡ്‌ മാഫിയ ശ്രമിച്ചെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പണം മടക്കിനല്‍കാന്‍ അനുവദിച്ചിരുന്ന അവസാനദിവസമാണ് വേലുക്കുട്ടി ആത്മഹത്യ ചെയ്‌തത്.

2016ലാണ് മൂന്ന് ലക്ഷം രൂപ ബ്ലേഡുകാരില്‍ നിന്നു വാങ്ങിയത്. പലപ്പോഴായി പത്ത് ലക്ഷത്തിലധികം തിരികെ നല്‍കി. ഇതിനിടയില്‍ മാഫിയ സംഘം വീട്ടിലെത്തി ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത് പതിവായി. നിര്‍ബന്ധിച്ച്‌ പ്രോമിസറി നോട്ടും ചെക്കും ഒപ്പിട്ട് വാങ്ങി. വേലുക്കുട്ടിക്ക് സ്വന്തമായുണ്ടായിരുന്ന മുപ്പത്തി ഏഴ് സെന്‍റ് സ്ഥലം കൈക്കലാക്കാനായിരുന്നു ബ്ലേഡുകാരുടെ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇരുപത് ലക്ഷം നല്‍കിയില്ലെങ്കില്‍ സ്ഥലം എഴുതി നല്‍കണമെന്നായിരുന്നു മുന്നറിയിപ്പ്. പണം നല്‍കാമെന്നറിയിച്ചിരുന്ന ദിവസമാണ് വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. മരണ വിവരമറിഞ്ഞിട്ടും ബ്ലേഡ് മാഫിയ അന്വേഷിച്ച്‌ വീട്ടിലെത്തിയിരുന്നു. പാലക്കാട് നഗരത്തിലുള്ള മൂന്ന് വട്ടിപ്പലിശക്കാരാണ് വേലുക്കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് വിവരം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.