ഇടുക്കി: അസി. കമ്മീഷണറുടെ വേഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരെ കബളിപ്പിച്ചുകൊണ്ടിരുന്ന വ്യാജ പോലീസ് പിടിയില്‍. ചെന്നൈ സ്വദേശിയായ സി വിജയന്‍ (40) ആണ് കേരള പൊലീസിന്റെ വലയിലായത്. ചെന്നൈ ക്യൂ ബ്രാഞ്ചിലെ അസിസ്റ്റന്റ് കമ്മീഷ്ണര്‍എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഇയാളുടെ പക്കല്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും തോക്കും കണ്ടെത്തി.

കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും ഡിവൈഎസ്പി ഓഫീസുകളിലും കയറി തമിഴ്‌നാട് ക്യൂബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എന്ന് പരിചയപ്പെടുത്തി ബന്ധങ്ങള്‍ സ്ഥാപിക്കുകയാണ് ഇയാളുടെ രീതി. പരിചയപ്പെടുമ്ബോള്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ വരുന്നത് എന്നാണ് ഇയാള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പരിചയപ്പെടുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് മടക്കം. ഇത്തരത്തില്‍ രണ്ടു മാസം മുമ്ബ് ഇയാള്‍ മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിലും എത്തിയിരുന്നു. യൂണിഫോമിലും പൊലീസ് വാഹനത്തിലും എത്തുന്നതിനാല്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല.

കഴിഞ്ഞ ദിവസം ഇയാള്‍ കട്ടപ്പന ഡി വൈ എസ് പി ഓഫീസിലും എത്തി. ഒരു കേസന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പിയെ പരിചയപെടാമെന്നു കരുതി എന്നാണ് ഇയാള്‍ ഡിവൈഎസ്പി വിഎ നിഷാദ്‌മോനോട് പറഞ്ഞത് . സംസാരത്തിനിടയില്‍ പൊലീസ് വാഹനത്തില്‍ ഒറ്റയ്ക്കാണ് വന്നതെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍, ഇതില്‍ സംശയം തോന്നിയ ഡിവൈഎസ്പി നിഷാദ് മോന്‍ വണ്ടി കോയമ്ബത്തൂര്‍ രജിസ്‌ട്രേഷന്‍ ആണെന്നും സ്വകാര്യ വ്യക്തിയുടെ പേരിലുള്ളതാണെന്നും കണ്ടെത്തി. സംശയ നിവാരണത്തിനായി തമിഴ്‌നാട് ക്യൂബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരു ഉദ്യോഗസ്ഥനെക്കുറിച്ച്‌ കേട്ടറിവ് പോലുമില്ല എന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഈ വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്കും തമിഴ്‌നാട് പോലീസിനും കൈമാക്കുകയായിരുന്നു.

എന്നാല്‍ ഈ സമയം കൊണ്ട് ഇയാള്‍ കേരള അതിര്‍ത്തി കടന്നിരുന്നു. പോലീസ് വിവരങ്ങള്‍ കൈമാറിയിരുന്നതിനാല്‍ ഉത്തമപാളയത്ത് വെച്ച്‌ തമിഴ്‌നാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗോവ മുന്‍ ഗവര്‍ണര്‍ കിരണ്‍ ബേദി, എന്നിങ്ങനെ പ്രമുഖരോടൊപ്പമുള്ളതുമായ ചിത്രങ്ങള്‍ പോലീസ് കണ്ടെത്തി. വ്യാജ മേല്‍വിലാസം ഉപയോഗിച്ച്‌ ഇയാള്‍ രാഷ്ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മറ്റു പ്രശസ്ത വ്യക്തികള്‍ തുടങ്ങിയവരുമായി ബന്ധം പുലര്‍ത്തിയതായികണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക