കൊച്ചി: വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കുമ്ബളത്തെ റിസോര്‍ട്ടില്‍ ലൈംഗികമായി പീഢിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജിന്റെ ചതിയില്‍ പെട്ടത് നിരവധി യുവതികള്‍. മലേഷ്യയില്‍ ഇയ്യാളുടെ തട്ടിപ്പിന് ഇരയായത് 17 പേരാണ്. വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ഇവരില്‍ നിന്നും പത്തുകോടിയോളം തട്ടിയെടുത്തെന്നായിരുന്നു മലേഷ്യയിലെ കേസ്.

ടിജുവിന്റെ തട്ടിപ്പിനിരയായ യുഎഇയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിക്ക് പണം തിരിച്ചു നല്‍കാന്‍ ചെങ്ങന്നൂര്‍ കോടതി വിധിച്ചെങ്കിലും ഇയ്യാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇയാള്‍ തന്നില്‍ നിന്നും വന്‍തുക തട്ടിയെടുത്തതായി യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിവാഹമോചിതയായ തന്നെ, ഭാര്യ ഉപേക്ഷിച്ച്‌ പോയ ആളാണെന്ന് വിശ്വസിപ്പിച്ചാണ് വെബ്‌സൈറ്റ്‌വഴി ആലോചനയുമായി സമീപിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തി.

ഭാര്യ ഉപേക്ഷിച്ച സങ്കടത്തില്‍ ആത്മഹത്യാ ശ്രമം നടത്തിയതിന്റെ തെളിവായി ടിജു കയ്യിലെ മുറിവുകളും കാണിച്ചു. വീട്ടുകാര്‍ ഇടപെട്ടായിരുന്നു പിന്നീട് ആലോചനയും ചടങ്ങുകളും. അപ്പോഴാണ് യുഎസില്‍ പോകുന്നതു കൂടി ലക്ഷ്യമിട്ട് നാട്ടിലെ സ്ഥലം വിറ്റത്. ഈ സമയം ടിജുവും പിതാവും മസ്‌ക്കറ്റില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സാമ്ബത്തിക തിരിമറി നടത്തി, കേസില്‍പ്പെട്ട് ജയിലിലാകുന്ന സാഹചര്യമുണ്ടായി. മറ്റൊരാള്‍ പണം അപഹരിച്ചതാണെന്നും നാട്ടില്‍ പോകണമെങ്കില്‍ അവിടെ പണം കെട്ടിവയ്ക്കണമെന്നും പറഞ്ഞാണ് ടിജു പണം വാങ്ങിയത്.

പിന്നാലെയാണ് ഇയാളുടെ തട്ടിപ്പിനെപ്പറ്റിയും പത്താംക്ലാസ് മുതല്‍ പെണ്‍കുട്ടികളെ പറ്റിച്ചതിനെപ്പറ്റിയും അറിയുന്നത്. അനാഥരെയോ അമ്മയില്ലാത്തവരെയോ ഒക്കെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കുക. തമിഴ്‌ മാട്രിമൊണി വഴി ഒരു അനാഥയടക്കം 17 പെണ്‍കുട്ടികളെ പറ്റിച്ചു. അതിലൊരു കുട്ടി സംശയം തോന്നി ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ ടിജുവിന്റെ തട്ടിപ്പിനെതിരെ താനിട്ട പോസ്റ്റ് കണ്ട് ബന്ധപ്പെടുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചുപോയെന്നുമാണ് ടിജു പലരേയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. തെളിവായി പൈലറ്റിന്റേതെന്നു തോന്നിപ്പിക്കുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിച്ചതായും തട്ടിപ്പിന് ഇരയായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയ്യാളുടെ തട്ടിപ്പിനിരയായവരില്‍ പലരും ലൈംഗിക പീഡനത്തിനും ഇരയായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2