തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ കന്നട ഭാഷയിലുള്ള ഗ്രാമപ്പേരുകള്‍ മാറ്റാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യാജവാര്‍ത്ത. വാര്‍ത്തയെ തുടര്‍ന്ന് ഗ്രാമപ്പേരുകള്‍ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അതേസമയം പേരുകള്‍ മാറ്റുന്നതിനുള്ള ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് ജില്ലയിലെ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പത്തോളം ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി മലയാളത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പി.ടി.ഐയില്‍ നിന്നുള്ള വാര്‍ത്ത ഔട്ട്‌ലുക്ക് അടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നടപടിയില്‍ നിന്നും പിന്മാറണെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്തയച്ചതായി കര്‍ണാടക വികസന ബോര്‍ഡ് അതോറിറ്റി ചെയര്‍മാന്‍ ഡോ. സി. സോമശേഖര്‍ പറഞ്ഞതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങളുമായി ഒരു ചര്‍ച്ചയും നടത്താതെ കന്നട സംസാരിക്കുന്ന ഗ്രാമങ്ങളുടെ പേര് മാറ്റി മലയാളത്തിലാക്കാന്‍ കേരളത്തിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നു. കന്നട തുളു സംസ്‌കാരത്തെ ഇത് നശിപ്പിക്കുമെന്നും അതിനാല്‍ നടപടിയില്‍ നിന്നും പിന്മാറണെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തയച്ചിരിക്കുകയാണെന്നും ഡോ. സോമശേഖര്‍ പറഞ്ഞതായിട്ടായിരുന്നു എ.എന്‍.ഐയുടെ വാര്‍ത്ത.

ഇതിന് പിന്നാലെ ഗ്രാമപ്പേരുകള്‍ മാറ്റരുതെന്ന ആവശ്യപ്പെട്ടു കൊണ്ട് യെദിയൂരപ്പയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കേരള സര്‍ക്കാരിന് കത്തയച്ചുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.

തുടര്‍ന്ന് വിവിധ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കന്നടപ്പേരുകള്‍ മലയാളത്തിലാക്കാനുള്ള ഒരു നീക്കവും കേരള സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. ദി ഫെഡറല്‍, ദി ന്യൂസ് മിനിറ്റ് തുടങ്ങിയ മാധ്യമങ്ങളാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. എന്‍.ഡി.ടി.വി. പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഗ്രാമപ്പേരുകള്‍ മാറ്റുമെന്നത് വ്യാജവാര്‍ത്ത മാത്രമാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍, മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ്, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡി. സജിത്ത് ബാബു എന്നിവരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ സംഭവത്തിന്റെ സത്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗ്രാമപ്പേരുകള്‍ മാറ്റുന്നതിനുള്ള ഒരു നീക്കവും നടത്താന്‍ കേരള സര്‍ക്കാര്‍ ആലോചിച്ചിട്ടു പോലുമില്ലെന്ന് എം.വി. ഗോവിന്ദന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ‘ഈ പറയുന്ന കാര്യത്തെ കുറിച്ച് കേട്ടിട്ടു പോലുമില്ല. പേര് മാറ്റം സംബന്ധിച്ച ഒരു ഫയലു പോലും എന്റെ മുന്നിലില്ല. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെടുന്നതെന്ന് പിടികിട്ടുന്നില്ല,’ കളക്ടര്‍ ഡി. സജിത് ബാബു എന്‍.ഡി.ടി.വിയോട് പറഞ്ഞു.

വ്യാജവാര്‍ത്തകളില്‍ പ്രതിപാദിക്കുന്ന ഗ്രാമങ്ങളിലുള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ അവരും ഇത്തരത്തിലൊരു നീക്കത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചത്.