ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ കോടതിയില്‍ കീഴടങ്ങാനെത്തി. എന്നാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല എന്ന് കണ്ടതോടെ വീണ്ടും മുങ്ങി. ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത് എന്നറിഞ്ഞതോടെയാണ് മുങ്ങിയത്.

ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക സെസി സേവിയര്‍ ഇന്ന് ഉച്ചയോടെയാണ് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായത്. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോടതിയിലെത്തിയത്. എന്നാല്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി പോലീസ് ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ വീണ്ടും മുങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സുഹൃത്തുക്കളായ അഭിഭാഷകരാണ് യുവതിയെ ഒളിവില്‍ പോകാന്‍ സഹായിക്കുന്നത് എന്ന് പോലീസ് പറയുന്നു.

തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒളിവില്‍ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമാണ്. പ്രതി സംസ്ഥാനം വിട്ടെന്ന പ്രചാരണത്തിനിടെയാണ് പോലീസിനെ വെട്ടിച്ച്‌ യുവതി കോടതിയിലെത്തി മടങ്ങിയത്. നിയമബിരുദമില്ലാത്ത സെസി മറ്റൊരു അഭിഭാഷകയുടെ എന്‍റോള്‍മെന്‍റ് നമ്ബര്‍ ഉപയോഗിച്ചാണ് രണ്ടര വര്‍ഷം വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തത്.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ സെസി ഒളിവില്‍ പോവുകയായിരുന്നു. ഫോണ്‍ നമ്ബര്‍ സ്വിച്ചോഫാണ്. ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു.

മതിയായ യോഗ്യത ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച ഇവര്‍, അഭിഭാഷക കമ്മീഷനായി വരെ പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുഴ ബാര്‍ അസോസിയേഷന്‍റെ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. മതിയായ യോഗ്യത ഇല്ലാത്ത ഇവര്‍ ന‌ല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്‌ കോടതി വിധി പറഞ്ഞ കേസുകള്‍ വലിയ നിയമപ്രശ്ങ്ങള്‍ ക്ഷണിച്ചു വരുത്തിയേക്കും.

രണ്ടര വര്‍ഷമായി കോടതിയെയും ബാര്‍ അസോസിയേഷനെയും സെസി വഞ്ചിക്കുകയായിരുന്നു. ഇവര്‍ക്ക് മതിയായ യോഗ്യതയില്ലെന്നുള്ള അജ്ഞാതന്‍റെ കത്ത് കിട്ടിയപ്പോഴാണ്‌ സെസിയെക്കുറിച്ച്‌ ബാര്‍ അസോസിയേഷന്‍ അന്വേഷിച്ചത്. അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഒരാള്‍ക്ക് ബാര്‍ അസോസിയേഷനില്‍ അംഗത്വം നല്‍കുന്നതിന് മുന്‍പ് സര്‍ട്ടിഫിക്കറ്റും എന്‍റോള്‍ ചെയ്ത നമ്ബരും പരിശോധിക്കാറുണ്ട്. സെസിക്ക് അംഗത്വം നല്‍കിയതും അങ്ങനെ തന്നെയാണ് എന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇക്കഴിഞ്ഞ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ലോയേഴ്സ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെസി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. സിപിഎം – സിപിഐ സംഘടനകള്‍ തമ്മിലെ ചേരിപ്പോരും ഇവര്‍ക്ക് തുണയായി.

ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിക്കാതെ സെസി സേവ്യറിന് അംഗത്വം നല്‍കിയതിന്‍റെ പേരില്‍ ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ ഭിന്നത രൂക്ഷമാണ്. അഭിഭാഷക സംഘടനകള്‍ തമ്മില്‍ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്.

ആലപ്പുഴയിലെ ഈ വ്യാജ അഭിഭാഷകയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംസ്ഥാന ബാര്‍ കൗണ്‍സിലും. മതിയായ യോഗ്യത ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച ഇവര്‍, അഭിഭാഷക കമ്മീഷനായും ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും ഉള്‍പ്പെടെ പ്രവര്‍ത്തിച്ചത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍. അതേസമയം, കൂടുതല്‍ വ്യാജ അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തില്‍ സമഗ്ര പരിശോധന നടത്താനും കേരള ബാര്‍ കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്.