ഫഹദ് ഫാസില്‍ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ആമസോണിലൂടെ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച്‌ എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍.

മാലിക്ക് ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്ഫാദറിനുള്ള ഇന്ത്യയുടെ ഉത്തരമാണെന്നാണ് രൂപേഷ് പീതാംബരന്‍ പറയുന്നത്. ഫഹദിനും മഹേഷ് നാരായണും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രൂപേഷിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം മഹേഷ് നാരായണന്റെ മാസ്റ്റര്‍ പീസാണ് മാലിക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആമസോണ്‍ റിലീസ് ആയതിനാല്‍ വലിയൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് നഷ്ടമായെന്നും പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിലെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാലിക്ക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ പറഞ്ഞ് പോകുന്ന സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കില്‍ അങ്ങനെ ആവാമെന്നും മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.