“1.44 ലക്ഷം കോടി രൂപയുടെ ഓയില്‍ ബോണ്ട് ഇറക്കിയാണ് യുപിഎ ഇന്ധനവില കുറച്ചത്. അവര്‍ കളിച്ച സൂത്രം ഞാന്‍ പ്രയോഗിക്കുന്നില്ല. ഓയില്‍ ബോണ്ടുകളുടെ ഭാരം ഞങ്ങളുടെ സര്‍ക്കാറിലേക്ക് വന്നത്. അതു കൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാന്‍ കഴിയാത്തത്. കൈയില്‍ പണമുണ്ടായിരുന്നെങ്കില്‍ പെട്രോള്‍ വിലയില്‍ ആശ്വാസം നല്‍കുമായിരുന്നു”- എന്തുകൊണ്ട് ഇന്ധനവില കുറക്കുന്നില്ല എന്ന ചോദ്യത്തിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയാണിത്. ഇന്ധന വിലവര്‍ധനവിന് കാരണമായ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നും അവര്‍ അസന്നിഗ്ധമായി വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ യുപിഎ ഇറക്കിയ ഓയില്‍ ബോണ്ടുകളാണോ ഇന്ധന വിലയിലെ വില്ലന്‍?

എന്താണ് ഓയില്‍ ബോണ്ട്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇന്ധന വില നിയന്ത്രിക്കാനായി കാഷ് സബ്‌സിഡിക്ക് പകരം എണ്ണക്കമ്ബനികള്‍ക്കായി യുപിഎ സര്‍ക്കാര്‍ പുറത്തിറക്കിയ ബോണ്ടുകളാണ് (സ്‌പെഷ്യല്‍ സെക്യൂരിറ്റി) ഓയില്‍ ബോണ്ട് എന്നറിയപ്പെടുന്നത്. 15-20 വര്‍ഷത്തെ ദീര്‍ഘകാലയളവാണ് ഈ ബോണ്ടുകള്‍ക്കുള്ളത്. എണ്ണക്കമ്ബനികള്‍ക്ക് പലിശയും നല്‍കണം. 2005-2010 കാലയളവില്‍ ഇത്തരത്തില്‍ 1.44 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകളാണ് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ പുറത്തിറക്കിയത്. നല്‍കാന്‍ കൈയില്‍ പണമില്ലാത്തതു കൊണ്ടാണ് ബോണ്ടുകള്‍ പുറത്തിറക്കിയത് എന്ന് ചുരുക്കം.

പിരിച്ചതും തിരിച്ചു നല്‍കിയതും:

പലിശയിനത്തില്‍ വന്‍ തുക തിരിച്ചു നല്‍കേണ്ടതുണ്ട് എന്നതിനാല്‍ ഓയില്‍ ബോണ്ട് ബാധ്യതയാണ്. 2021-26 വര്‍ഷങ്ങളില്‍ ഇതിനായി 1.7 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടത്. എന്നാല്‍ 2014 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെ മാത്രം ഇന്ധന നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ സ്വന്തം കീശയിലാക്കിയത് 22.5 ലക്ഷം കോടിയാണ്. ഓയില്‍ ബോണ്ടിന്റെ പലിശയായി 67,500 കോടിയും ബോണ്ട് തിരിച്ചടവായി 3,500 കോടി രൂപയും മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ തിരിച്ചടച്ചിട്ടുള്ളത്. അഥവാ, ജനങ്ങളില്‍ നിന്ന് വാങ്ങിയ നികുതിപ്പണത്തിന്റെ മൂന്നു ശതമാനം മാത്രമാണ് സര്‍ക്കാര്‍ എണ്ണക്കമ്ബനികള്‍ക്ക് നല്‍കിയത്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രം 4,53,812 കോടി രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാര്‍ ഈടാക്കിയിട്ടുള്ളത്.

‘അവിശ്വസനീയമായ അജ്ഞത’

ധനമന്ത്രി നിര്‍മലയുടെ പ്രതികരണത്തെ അവിശ്വസനീയമായ വിവരമില്ലായ്മ എന്നാണ് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം വിശേഷിപ്പിച്ചത്. ‘പെട്രോള്‍, ഡീസല്‍ വിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള ഓയില്‍ ബോണ്ടില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ഏറ്റവും മികച്ച തലത്തില്‍, പ്രസ്താവന അവിശ്വസനീയമായ അജ്ഞതയാണ്. മോശം തലത്തില്‍ ഇത് പ്രചോതിദമായ ദുഷ്ടതയും’- ചിദംബരം പറഞ്ഞു.ഇന്ധന നികുതി വഴി നിരവധി ലാഭം കിട്ടിയിട്ടും എന്‍ഡിഎ ഓയില്‍ ബോണ്ടുകള്‍ തിരിച്ചടച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തെ കുറിച്ച്‌ പറയാന്‍ അവര്‍ക്ക് അവകാശവുമില്ല. യുപിഎ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി. നികുതിയിലൂടെയും സെസ്സിലൂടെയും എന്‍ഡിഎ ജനങ്ങളെ തകര്‍ക്കുകയും ചെയ്തു- ചിദംബരം ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക