ഏറ്റുമാനൂർ:സിപിഐ മുൻ ലോക്കൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പി.കെ.ചന്ദ്രശേഖരൻ നായർ (62)
അന്തരിച്ചതോടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന മുന്നൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് നഷ്ടപ്പെട്ടത് അവരെ ചേർത്ത് പിടിച്ചിരുന്ന ലോക്കൽ രക്ഷകർത്താവിനെയാണ്.

ഒന്നര പതിറ്റാണ്ട് കാലം മുമ്പാണ് ഉത്തരേന്ത്യൻ ജനത പട്ടിണിയും പരിവട്ടവും മൂലം തൊഴിൽ തേടി കേരളത്തിലേക്ക് കുടുംബ സമേതം കൂട്ടത്തോടെ വന്നു ചേരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മെച്ചപ്പെട്ട ജീവിത ചുറ്റുപാടുകളോ തൊഴിൽ സാഹചര്യങ്ങളോ ഇല്ലാത്ത ടിൻ ഷീറ്റുകളാൽ മറയ്ക്കപ്പെട്ട ഷെഡ്ഡുകളിലായിരുന്നു അവരുടെ താമസം. തൊഴിലുടമകൾ അവരെ ചെറിയ കൂലി കൊടുത്ത് വലിയ തോതിൽ തൊഴിൽ ചൂഷണത്തിന് വിധേയമാക്കിയ കാലം.
അതെല്ലാം അവർ ശീലിച്ചതായതു കൊണ്ട് സഹിച്ചു. എന്നാൽ
അവരുടെ കുട്ടികളെ നമ്മുടെ സ്കൂളികളിൽ ചേർക്കാൻ അധികൃതർ വിസമ്മതിച്ചപ്പോൾ അവർ ചെങ്കൊടി കണ്ട പാർട്ടിയാഫീസുകളിലേക്ക് കൂട്ടത്തോടെ കയറി ചെന്നു പ്രശ്നം പറഞ്ഞെങ്കിലും ഭാഷാ പ്രശ്നം ഉള്ളതിനാൽ പലരും നിസ്സഹായരായിരുന്നു. അറിയാവുന്നവർ പലരും റിസ്ക് എടുക്കാനും തയ്യാറായില്ല. അക്കാലത്ത് സിപിഐ ഏറ്റുമാനൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കുട്ടൻ എന്ന് വിളിപ്പേരുള്ള പി.കെ.ചന്ദ്രശേഖരൻ നായർ ഏറ്റുമാനൂരിലെ മുഴുവൻ സമയ പാർട്ടി പ്രവർത്തകനും ഹിന്ദി അനായാസം കൈകാര്യം ചെയ്യുന്ന ആളുമായിരുന്നു.
അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്ത് തൊഴിൽ തേടി ഉത്തരേന്ത്യൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വർഷങ്ങളോളം ജീവിച്ചിരുന്നതാണ്.

കുട്ടൻ ചേട്ടൻ അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു. അവർക്കായി അവരുടെ കുട്ടികളുമായി ജില്ലയിലെ വിവിധ സ്കൂളുകൾ കയറിയിറങ്ങി. എറ്റുമാനൂർ ഗവ.ബേസിക് ട്രയിനിംഗ്‌ സ്കൂളിൽ മാത്രമായി അറുപതോളം കുട്ടികളെ ചേർത്തു. എല്ലാവരുടെയും
ലോക്കൽ രക്ഷകർത്താവ് കുട്ടൻ ചേട്ടനാണ്. സ്കൂൾ രജിസ്റ്ററിൽ എല്ലാ കുട്ടികളുടെയും പേരിന് നേരെ രണ്ട് ഫോൺ നമ്പരുകൾ കുറിച്ചിട്ടുണ്ട്. അതിൽ ഒന്ന് കുട്ടൻ്റെതാണ്. രണ്ടാമത്തെത് ഏറ്റുമാനൂർ സിപിഐ ഓഫീസിലെ ലാൻഡ് നമ്പരാണ്.
ഇന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 365 ലധികം കുട്ടികളുടെ ലോക്കൽ രക്ഷകർത്താവ് കുട്ടനാണ്.

പിന്നീട് അന്യ സംസ്ഥാന തൊഴിലാളികളുടെ അനിഷേധ്യ നേതാവായി കുട്ടൻ ചേട്ടൻ മാറുകയായിരുന്നു. അവരുടെ തൊഴിൽ പ്രശ്നം, കൂലി പ്രശ്നം, കുടുംബ പ്രശ്നം, മദ്യപ ശല്യം ,പോലീസിൻ്റെ ശല്യം തുടങ്ങി അനേക വിഷയങ്ങൾ ദിനം പ്രതി കൈകാര്യം ചെയ്തു. രാവിലെ ആറു മണിയോട് കൂടി ഏറ്റുമാനൂരിലെ സിപിഐ ആഫീസും പരിസരവും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറയും. കൃത്യമായി എട്ടുമണിക്ക് എത്തുന്ന കുട്ടൻ ചേട്ടനെ കാത്തിരിക്കുന്നവരാണ് അവർ.
പിന്നെ ചർച്ചയും സ്ത്രീജനങ്ങളുടെ കലപിലയും ആണ്. ഹിന്ദി അക്ഷരമാല പോലും അറിയാത്ത ആഫീസിലെ മറ്റു നേതാക്കൾ പോലും അങ്ങനെ ഹിന്ദി പഠിക്കുകയുണ്ടായി.

ഇന്നലെ വൈകിട്ട് ഹൃദയാഘാതം മൂലം
കുട്ടൻ അന്തരിച്ചു. ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. രണ്ട് വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലും വിശ്രമത്തിലുമായിരുന്ന കുട്ടൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി യാഫീസിൽ വന്നിരിക്കണമെന്നും സജീവമാകണമെന്നുമുള്ള ആഗ്രഹം അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കഴിയട്ടെ നമുക്ക് വരാം എന്ന് പറഞ്ഞിരുന്നതാണ്.

സംസ്കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടത്തി.
സമൂഹത്തിെൻ്റെ വിവിധ തുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ മൃതദ്ദേഹത്തിൽ പതാക പുതപ്പിച്ചു.
ഭാര്യ: സതിയമ്മ, നീതുചന്ദ്രൻ , ഗീതു ചന്ദ്രൻ,നിഥിൻ ചന്ദ്രൻ എന്നിവർ മക്കളാണ്.
അനുശോചന യോഗത്തിൽ ജില്ലാ എക്‌സി: അംഗം കെ.ഐ.കുഞ്ഞച്ചൻ, പാർട്ടി മണ്ഡലം സെക്രട്ടറി ബിനു ബോസ്, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളായ യു.എൻ.ശ്രീനിവാസൻ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ വിഷ്ണു മോഹനൻ, അബ്ദുൾ കരീം. വി.വൈ. പ്രസാദ്, പി.കെ.സുരേഷ്,
എന്നിവർ സംസാരിച്ചു. ഇസ്കഫ് സംസ്ഥാന കൗൺസിലിന് വേണ്ടി പ്രശാന്ത് രാജൻ അനുശോചനം രേഖപ്പെടുത്തി.