ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വിജയിക്കാൻ യു.ഡി.എഫിന് ഇക്കുറി വേണ്ടത് മൂവായിരം വോട്ടു മാത്രം. കഴിഞ്ഞ തവണ കൈവിട്ടു പോയ മണ്ഡലം കൂടുതൽ കരുത്തോടെ തിരികെ പിടിക്കാൻ യു.ഡി.എഫിന് കരുത്ത് പകരുന്നതും ഇതേ കണക്കുകൾ തന്നെയാണ്. കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി ജോസ്‌മോൻ മുണ്ടയ്ക്കൽ 3774 വോട്ട് പിടിച്ചിട്ടു പോലും 8889 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി.എഫിനു നേടാനായത്. ഇത്തവണ ഇത് തിരികെ പിടിക്കാൻ യു.ഡി.എഫ് തയ്യാറാക്കിയിരിക്കുന്നതിനു യു.ഡി.എഫിനെ സഹായിക്കുന്ന കണക്കുകൾ ഇങ്ങനെ.

യു.ഡി.എഫ് കോട്ടകൾ ഉറച്ചു തന്നെ

മണ്ഡലത്തിലെ ഉറച്ച യു.ഡി.എഫ് കോട്ടകൾ തന്നെയാണ് ഇക്കുറിയും പ്രിൻസ് ലൂക്കോസിന് പ്രതീക്ഷ പകരുന്നത്. ഏറ്റുമാനൂരും, അതിരമ്പുഴയും, നീണ്ടൂരും, ആർപ്പൂക്കരയും യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും ശക്തി കേന്ദ്രങ്ങളാണ്. കഴിഞ്ഞ തവണ അതിരമ്പുഴയിൽ നിന്നു ചോർന്ന വോട്ടുകളാണ് യു.ഡി.എഫിന് തിരിച്ചടിയായത്. ഇത്തവണ കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടിട്ടു പോലും, കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും ഒത്തൊരുമയിൽ മണ്ഡലം തിരികെ പിടിക്കാമെന്നായിരുന്നു യു.ഡി.എഫിന്റെ കണക്ക് കൂട്ടൽ.

കുറുപ്പിന്റെ വോട്ടുകൾ ഉറച്ചു നിൽക്കുമോ

കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ മത്സരിച്ചത് കെ.സുരേഷ്‌കുറുപ്പ് എന്ന ജനകീയനായ സി.പി.എം നേതാവായിരുന്നു. ഇരുപതിനായിരത്തോളം വോട്ടുകൾ കുറുപ്പിന്റെ വ്യക്തിപരമായ വോട്ടുകളായി ലഭിച്ചതായിരുന്നുവെന്നാണ് കണക്കുകൂട്ടൽ. ബി.ജെ.പി കോൺഗ്രസ് ക്രൈസ്തവ വോട്ടുകൾ രാഷ്ട്രീയത്തിന് അതീതമായി സമാഹരിക്കാൻ കുറുപ്പിന് സാധിച്ചിരുന്നു. ഇത്തരത്തിൽ വ്യക്തിപരമായ വോട്ടുകൾ കുറുപ്പ് സമാഹരിച്ചിട്ട് പോലും, യു.ഡി.എഫ് റിബൽ സ്ഥാനാർത്ഥി നാലായിരത്തോളം വോട്ട് നേടിയിട്ടു പോലും പതിനായിരത്തിൽ താഴെ വോട്ട് മാത്രമാണ് എൽ.ഡി.എഫിന് ലീഡ് നേടാൻ സാധിച്ചത്.

ലതികാ ഫാക്ടർ വെല്ലുവിളിയാകുമോ

കോൺഗ്രസ് നേതാവായിരുന്ന ലതികാ സുഭാഷ് ഏറ്റുമാനൂരിൽ മത്സരിക്കാൻ എത്തിയതിനെ വെല്ലുവിളിയായി കോൺഗ്രസ് പ്രവർത്തകർ തന്നെ സ്വീകരിച്ചിരിക്കുകയാണ്. മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലാത്ത ലതിക മത്സരിക്കാൻ എത്തിയത് കോൺഗ്രസിനെ വെല്ലുവിളിച്ചാണെന്ന പ്രതീതിയാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിലുണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടു കൽപ്പിച്ചാണ് പ്രവർത്തകർ ഇറങ്ങിയിരിക്കുന്നത്.

ബി.ജെ.പി വോട്ട് ആർക്ക് മറിയും

ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ മത്സരിക്കുകയും, 27540 വോട്ട് പിടിക്കുകയും ചെയ്ത മണ്ഡലം, ബി.ജെ.പി തിരികെ പിടിച്ചത് കടുത്ത പ്രതിഷേധമാണ് എൻ.ഡി.എ മുന്നണിയിൽ ഉണ്ടാക്കിയിരിക്കുന്നത്. ബി.ഡി.ജെ.എസ് ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയത് ഇടതു സ്ഥാനാർത്ഥിയായ വാസവനെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പി തന്നെ സീറ്റ് ഏറ്റെടുത്തത്. എന്നാൽ, ഇത് കടുത്ത പ്രതിഷേധമാണ് എൻ.ഡി.എ മുന്നണിയ്ക്കുള്ളിലുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ വാസവൻ വിജയിക്കുന്ന സാഹചര്യമുണ്ടായാൽ ബി.ജെ.പിയിലെ നായർ വോട്ടുകൾ പ്രിൻസിന് ലഭിച്ചേക്കും.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2