2016ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അട്ടിമറി നേടിയ സീറ്റുകൾ ഇത്തവണ യുഡിഎഫ് തിരികെ പിടിക്കുമെന്ന് സൂചനകളാണ് തിരഞ്ഞെടുപ്പു രംഗത്തുനിന്നും ലഭിക്കുന്നത്. കൃത്യമായ സ്ഥാനാർത്ഥി നിർണയത്തിലൂടെ യുഡിഎഫ് നടപ്പാക്കുന്ന കരുനീക്കങ്ങൾ ഇത്തവണ ഫലപ്രാപ്തിയിൽ എത്താൻ ഉള്ള സാധ്യതകൾ കൂടുതലാണ്. രാഷ്ട്രീയ വിലയിരുത്തൽ പ്രകാരം ഇടതുമുന്നണിയെ കൈവിടുന്ന 5 മണ്ഡലങ്ങളും അവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ആണ് ഈ ലേഖനം വിലയിരുത്തുന്നത്.

കണ്ണൂർ:

രാമചന്ദ്രന്‍ കടന്നപ്പള്ളി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കണ്ണൂര്‍ മണ്ഡലം ഇത്തവണ യുഡിഎഫിലേക്ക് ചായുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് ഇവിടെ കരുത്തുകാട്ടിയിരുന്നു. മന്ത്രികൂടിയായ കടന്നപ്പള്ളി കോണ്‍ഗ്രസ് എസ്സിന്റെ നേതാവുകൂടിയാണ്.

ഇക്കുറിയും ഇടതുപക്ഷത്തിനായി അട്ടിമറി ലക്ഷ്യമാക്കി കടന്നപ്പള്ളി ഇറങ്ങുമ്ബോള്‍ 2016ല്‍ ഇവിടെ പരാജയപ്പെട്ട സതീശന്‍ പാച്ചേനി തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് വലിയ ആധിപത്യമില്ലാത്ത മണ്ഡലത്തില്‍ അഡ്വ. അര്‍ച്ചനയാണ് ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി.

വടകര

വടകരയാണ് എല്‍ഡിഎഫിന് നഷ്ടമാകാന്‍ സാധ്യതയുള്ള മറ്റൊരു സീറ്റ്. ജനതാദള്‍ യു മത്സരിക്കുന്ന ഇവിടെ കഴിഞ്ഞതവണ 9,500ത്തോളം വോട്ടിന് സി കെ നാണു ജയിച്ചു. ആര്‍എംപിയുടെ കെ കെ രമയാണ് ഇത്തവണ യുഡിഎഫിന്റെ സ്ഥാനാര്‍ഥി. ജനതാദളിനായി മനയത്ത് ചന്ദ്രനും അങ്കത്തിനിറങ്ങുന്നു. എം രാജേഷ് കുമാറാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ കെ രമ നേടിയ 20,000ത്തോളം വോട്ടുകളും അതോടൊപ്പം യുഡിഎഫ് വോട്ടുകളും ലഭിക്കുകയാണെങ്കില്‍ യുഡിഎഫ് ജയിക്കും. അതേസമയം, കഴിഞ്ഞതവണ യുഡിഎഫിനൊപ്പമുണ്ടായിരുന്ന എല്‍ജെഡി ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. മണ്ഡലത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് എല്‍ജെഡി. അടിയൊഴുക്കുകളൊന്നുമുണ്ടായില്ലെങ്കില്‍ ഇവിടെനിന്നും രമ നിയമസഭയിലെത്താനാണ് സാധ്യത.

കൊടുവള്ളി

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി എല്‍ഡിഎഫ് അടിപതറിയേക്കാവുന്ന സീറ്റാണ്. ലീഗിന്റെ കോട്ടകളിലൊന്നായ ഇവിടെ ഇക്കുറി എം കെ മുനീര്‍ മത്സരിക്കാനിറങ്ങുന്നു. 573 വോട്ടുകള്‍ക്ക് കാരാട്ട് റസാഖ് കഴിഞ്ഞതവണ ജയിച്ച മണ്ഡലമാണിത്. ഇത്തവണയും റസാഖ് തന്നെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് ഇവിടെ കാര്യമായ സ്വാധീനമില്ലെങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകള്‍ ജയപരാജയത്തെ സ്വാധീനിച്ചേക്കാം.

താനൂർ

താനൂരാണ് എല്‍ഡിഎഫിന് നഷ്ടമായേക്കാവുന്ന മറ്റൊരു സിറ്റിങ് സീറ്റ്. വി അബ്ദു റഹ്മാന്‍ അട്ടിമറി ജയം നേടിയ മുസ്ലീം ലീഗിന്റെ മറ്റൊരു കോട്ടയാണ് താനൂര്‍. ഇത്തവണയും അബ്ദുറഹ്മാന്‍ ഇടതുപക്ഷത്തിനുവേണ്ടി ഇവിടെ ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്നു. യുഡിഎഫിനായി ലീഗിന്റെ യുവ നേതാവ് പി കെ ഫിറോസ് ആണ് ഇവിടെ മത്സരിക്കുന്നത്. മണ്ഡലം പിടിച്ചെടുക്കുകയെന്ന ദൗത്യമാണ് ഫിറോസിന്. സ്ഥാനാര്‍ഥി ഫിറോസ് ആയതുകൊണ്ടുതന്നെ ഇഞ്ചോടിഞ്ച് മത്സരം ഇവിടെ നടക്കുമെന്നുറപ്പാണ്. ബിജെപിക്ക് 10,000ത്തോളം വോട്ടുകളുള്ള ഇവിടെ ഇത്തവണ നാരായണന്‍ മാസ്റ്ററാണ് ബിജെപി സ്ഥാനാര്‍ഥി.

കൊച്ചി

കൊച്ചി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണയും ജയിച്ചു കയറുക എല്‍ഡിഎഫിന് എളുപ്പമാകില്ല. 2016ല്‍ കെ ജെ മാക്‌സി 1,086 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഡൊമനിക് പ്രസന്റേഷനെ അട്ടിമറിച്ച സീറ്റാണിത്. ബിജെപി 7 ശതമാനത്തോളം വോട്ടുയര്‍ത്തിയപ്പോള്‍ 2011ലെ ജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല.

ഇത്തവണ മുന്‍ മേയര്‍ ടോണി ചമ്മിണിയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. മാക്‌സി ഇക്കുറിയും എല്‍ഡിഎഫിനായി മത്സരിക്കുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുണ്ട്. അതേസമയം, ട്വന്റി 20 മത്സരിക്കുന്നതിനാല്‍ വോട്ടു ചോര്‍ച്ച ഇവിടെ നിര്‍ണായകമാകും. സി ജി രാജഗോപാലാണ് ബിജെപിക്കായി മത്സരരംഗത്തുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2