തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സുമായി വ്യവസായ മന്ത്രി  ഇ.പി ജയരാജന് അടുത്ത ബന്ധം.  മന്ത്രിയുടെ  മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്‌സ് ഡയറക്‌ടർക്ക് ബിസിനസ് പങ്കാളിത്തം. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്‍റ് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്‍റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്‌സ്‌മെന്‍റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്.
യുഎഎഫ്എക്‌സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്‍റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തില്‍ ഇ.പി. ജയരാജന്‍റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്‍റെ വ്യവസായ സംരഭങ്ങളില്‍ നിക്ഷേപമുണ്ടെന്നാണ് സി.പി.എം നേതാക്കള്‍ക്കിടയിലെ സംസാരം.  സുജാതന്‍ ഡയറക്ടറായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ ജയരാജന്‍റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സണ്‍ ആണെന്നത് ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ്.

പാര്‍ട്ടി ശക്തികേന്ദ്രമായ ആന്തൂര്‍ മുനിസിപ്പാലിറ്റിയാലണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനത്തിന്‍റെ നിര്‍മ്മാണം പരിസ്ഥിതിക്ക് ദോഷം വരുന്ന നിലയില്‍ കുന്നിടിച്ചായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവർ ഇതിനെതിരെ  പരാതിയുമായി രംഗത്തെത്തിയിരുന്നു.അതേ സമയം യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർമാരായ അരുൺ വര്‍ഗീസ്, ടി അമീർ കണ്ണ് റാവുത്തർ എന്നിവരുമായി  ബിനീഷ് കോടിയേരിക്കും അടുത്തബന്ധം ഉണ്ട്.
സന്ദീപ് നായര്‍, സ്വപ്ന എന്നിവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമായിരുന്നു ഈ സ്ഥാപനത്തിലെന്നാണ് എന്‍.ഐ.എ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2