ഹൈദ്രാബാദ്: വാഹനങ്ങളിൽ നിറക്കുന്ന ഇന്ധനത്തിൻ്റെ അളവ് ചിപ്പ് ഉപയോഗിച്ച് കൂടുതലാക്കി കാണിച്ചു കുറഞ്ഞ അളവിൽ ഇന്ധനം നിറച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോൾ പമ്പുകൾ അടച്ച് പൂട്ടി . പൊലീസും മെട്രോളജി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.സംഭവത്തിൽ 9 പേർ പിടിയിലായി.തെലുങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പമ്പുകളാണ് അധികാരികൾ ഇടപെട്ട് പൂട്ടിയത്.

 

ഒരു ലിറ്റർ പെട്രോളിനോ ഡീസലിനോ 970 മില്ലി ലിറ്റർ ഇന്ധനം മാത്രമേ പമ്പുകൾ നൽകുമായിരുന്നുള്ളൂ. എന്നാൽ, മെഷീൻ ഫില്ലിങ് ബോർഡിൽ ഒരു ലിറ്ററെന്ന് കാണിക്കുകയും ചെയ്യും.

അടച്ചുപൂട്ടിയ 33 പമ്പുകളിൽ 21 എണ്ണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ കീഴിൽ വരുന്നതാണ്. ഇതിൽ 17 എണ്ണം ആന്ധ്രയിലും അഞ്ചെണ്ണം തെലങ്കാനയിലുമാണ്. ഭാരത് പെട്രോളിയത്തിൻ്റെ ഒൻപത് പമ്പുകളും ഹിന്ദുസ്താൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും എസ്സാർ പമ്പ്സിൻ്റെറയും രണ്ട് വീതം പമ്പുകളും പട്ടികയിൽ പെടുന്നു.

ചിപ്പുകൾ പമ്പ് ഉടമയുടെ മൗനാനുവാദത്തോടെയാണ് ഇൻസ്റ്റാൾ ചെയ്തിരുന്നതെന്ന് സൈബറാബാദ് പൊലിസ് കമ്മീഷണർ വിസി സജ്ജനാർ പറഞ്ഞു. ഇതുവഴി കോടിക്കണക്കിനു രൂപയാണ് ഈ പമ്പുകൾ വെട്ടിച്ചത്. 80000 രൂപ മുതൽ 120000 രൂപ വരെ ചിലവുള്ള ചിപ്പുകളാണ് ഇത്. ഇത് എത്ര നാൾ മുൻപ് സ്ഥാപിച്ചതാണ് എന്ന കാര്യത്തിൽ പരിശോധന നടത്തി വരുകയാണ്.അത് കണ്ടെത്തിയാൽ മാത്രമെ എത്ര രൂപയുടെ വെട്ടിപ്പ് നടത്തി എന്ന വിവരം ലഭിക്കുകയുള്ളു. സംഭവത്തിൽ ഇനിയും അഞ്ച് പെട്രോൾ പമ്പ് ഉടമസ്ഥരെയും ചിപ്പ് എത്തിച്ചു നൽകിയ രണ്ട് പേരെ കൂടിയും പിടികൂടാനുണ്ട്.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2