കോട്ടയം: ഉമ്മന്‍ചാണ്ടി നേമത്തേക്ക് മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നാടകീയരംഗങ്ങള്‍ക്ക് സാക്ഷിയായി പുതുപ്പള്ളി. ആവേശോജ്വലമായ സ്വീകരണമാണ് ഉമ്മന്‍ചാണ്ടിക്കായി പ്രവര്‍ത്തകര്‍ ഒരുക്കിയത്. ഉമ്മന്‍ചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെ വീട്ടിന് മുന്നില്‍ പ്രതിഷേധിക്കുകയാണിപ്പോള്‍. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ”ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ”, എന്നിങ്ങനെ മുദ്രാവാക്യവും, ഉമ്മന്‍ചാണ്ടിയുടെ വലിയ ഫ്ലക്സുമായി പ്രതിഷേധം തുടരുമ്ബോള്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി പ്രതിഷേധിച്ചു.
വീട്ടില്‍ നിന്ന് ഉമ്മന്‍ചാണ്ടി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോള്‍ വലിയ പ്രതിഷേധവും നാടകീയസംഭവങ്ങളുമാണ് അരങ്ങേറിയത്. പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ കാര്‍ തടഞ്ഞു. അരമണിക്കൂറോളം കാര്‍ തടഞ്ഞ് ചുറ്റും നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെ, ഉമ്മന്‍ചാണ്ടി പതുക്കെ പുറത്തേയ്ക്ക് ഇറങ്ങി. തിരികെ വീട്ടിലേക്ക് കയറി. കയറുന്നതിനിടെ, വീടിന് മുകളില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകനോട് താഴെ ഇറങ്ങി വരാനാവശ്യപ്പെട്ടു. താന്‍ പുതുപ്പള്ളിയില്‍ത്തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.