മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസീഷ്യനുമായ പത്മ വിഭൂഷണ്‍ ഡോ. പി.കെ. വാര്യര്‍ എന്ന പി.കെ. കൃഷ്ണ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. ഈ സമയത്ത് അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായി ആശുപത്രി വിട്ടെങ്കിലും അടുത്തിടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്.

മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ 1921 ജൂണ്‍ അഞ്ചിനാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യര്‍ ജനിക്കുന്നത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു പഠനം. പി.എസ്. ആയുര്‍വേദ കോളേജിലായിരുന്നു വൈദ്യപഠനം പൂര്‍ത്തിയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

1942ല്‍ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായ അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ സ്മൃതിപര്‍വ്വം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.