ഫെനിക്സ് ലൈവ് എന്ന യൂട്യൂബ് ചാനലിൽ എംജി സർവകലാശാല മുൻ വൈസ് ചാൻസലറും, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ മുൻ അംഗവും, പ്രമുഖ ഗാന്ധിയനുമായ ഡോക്ടർ സിറിയക്ക് തോമസ് നടത്തുന്ന പ്രഭാഷണ പരമ്പരയിലും അദ്ദേഹത്തിൻറെ സ്വന്തം ഫേസ്ബുക്ക് കുറിപ്പിലും പങ്കുവെച്ച ലേഖനമാണ് ഇവിടെ ചേർത്തിരിക്കുന്നത്.

വീഡിയോ കാണുവാൻ ലിങ്ക് സന്ദർശിക്കുക: https://m.youtube.com/watch?feature=youtu.be&v=YvcdZB0yy4E

ഡോക്ടർ സിറിയക് തോമസിൻറെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാൻ സന്ദർശിക്കുക: https://m.facebook.com/story.php?story_fbid=748097809093329&id=10001679350589

ജോർജ് തോമസ് കൊട്ടുകാപ്പള്ളി
രാഷ്ട്രീയത്തിലെ നന്മ മരം:

ഒരു കാലഘട്ടത്തിൽ ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു കൊട്ടുകാപ്പള്ളി.
ഒരു തലമുറക്കാലം മധ്യ തിരുവിതാംകൂറിൽ നിറഞ്ഞു നിന്ന പേരുകളിൽ ഒന്നെന്നും പറയാം. സ്വന്തം കുടുംബപ്പേര്‌ പേരിനു പകരമായി ഇതുപോലെ ഉപയോഗിക്കപ്പെട്ട മറ്റധികം ഉദാഹരണങ്ങളുമില്ല. എന്നാൽ പിതൃവഴിയിൽ മേനാംപറമ്പിലും മാതൃവഴിയിൽ
കൊട്ടുകാപ്പള്ളിയും ആയിരുന്നു ശ്രീ ജോർജ്
തോമസ് കൊട്ടുകാപ്പള്ളിയുടെ
കുടുംബ വേരുകൾ. മീനച്ചിലാറിന് അക്കരെ ആയിരുന്നു മേനാംപറമ്പിൽ കുടുംബം.കൊട്ടുകാപ്പള്ളി തറവാട്‌ പാലാ ടൗണിന് നടുക്കും. ജോർജ് തോമസ് കൊട്ടുകാപ്പള്ളിയെന്ന കൊട്ടുകാപ്പള്ളി തൊമ്മച്ചൻ ജനിച്ചതും വളർന്നതും അവിടെ ആയിരുന്നുവെന്നതും ആ പേരിനു
കാരണമായിരിക്കണം.. പിൽക്കാലത്തു അദ്ദേഹത്തെ ജനങ്ങൾ വിളിച്ചതും അവർക്കിടയിൽ അദ്ദേഹം പ്രശസ്തനായതും കൊട്ടുകാപ്പള്ളി തൊമ്മച്ചൻ എന്ന പേരിലാണ്. ഇന്ത്യൻ പാർലമെന്റിൽ മാത്രമല്ല
ഐക്യരാഷ്ട്രസഭ വരെ പിന്നീട് ആ
പേരു പ്രസിദ്ധമായി. രണ്ടു തവണ പാർലമെന്റിൽ പോയ കൊട്ടുകാപ്പള്ളി രണ്ടു പ്രാവശ്യം ഇന്ത്യൻ പ്രതിനിധിസംഘാംഗം എന്ന നിലയിൽ ഐക്യ രാഷ്ട്ര സഭയിലും പോയി. അവിടെ ഒന്നാംതരം ഇംഗ്ലീഷിൽ പ്രസംഗിക്കുകയും ചെയ്തു. കൊട്ടുകാപ്പള്ളിയുടേത് നക്ഷത്രവശാൽ എന്തുകൊണ്ടും ഒരു ഭാഗ്യ ജാതകമായിരുന്നിരിക്കണം!

ഉറച്ച വിശ്വാസിയും നല്ലഭക്തനുമായിരുന്നു കൊട്ടുകാപ്പള്ളി. മേനാംപറമ്പിലും കൊട്ടുകാപ്പള്ളിയും പാലാ വലിയപള്ളി ഇടവകയിൽപ്പെട്ട കുടുംബങ്ങൾ ആണ്. എന്നാൽ തൊമ്മച്ചൻ എന്നും വൈകാരികമായ അടുപ്പം പുലർത്തിയത് വീടിനു തൊട്ടുണ്ടായിരുന്ന പാലാ കുരിശു പള്ളിയോടാണ്.കുരിശുപള്ളി മാതാവിന്റെ കടുത്ത ഭക്തനായിരുന്നു കൊട്ടുകാപ്പള്ളി. പിൽക്കാലത്തു പാലായിലെ അറിയപ്പെട്ട മറ്റൊരു കുരിശു പള്ളി ഭക്തൻ ജോസഫ് മൈക്കിൾ എന്ന മണർകാട് പാപ്പനായിരുന്നു. പഴയ കുരിശുപള്ളി പുതുക്കിപ്പണിയുമ്പോൾ അതു കരിങ്കല്ലിൽ തീർക്കുന്ന ഒരു കാവ്യമായിരിക്കണമെന്നു പറഞ്ഞതും കൊട്ടുകാപ്പള്ളി തന്നെയാണ്. ചെത്തിമിനുക്കിയ ഒരു കരിങ്കല്ല് ഒരു ദിവസം എന്ന കണക്കിലായിരുന്നു കൊട്ടുകാപ്പള്ളിയുടെ വക സംഭാവന.പണമായി വേറെയും.തൊമ്മച്ചന്റെ വിയോഗ ശേഷം ആ മാതൃക പിന്തുടർന്നു കുരിശുപള്ളി പണിപൂർത്തിയാക്കാൻ കല്ലും പണവുമായി മുന്നോട്ടു വന്നവരിൽ മുൻ നിരയിൽ നിന്നതു മണർകാട്ടു പാപ്പനായിരുന്നു. പാലാക്കാർക്കു കുരിശുപള്ളി ഭക്തി എന്നത് ആഴമായ ഒരു പൊതുവികാരമാണ്. അതിൽ ജാതി-മത ഭേദവുമില്ല.

മാന്നാനം ഹൈസ്‌കൂളിൽ നിന്നും സ്കൂൾ ഫൈനൽ പാസ്സായ ജോർജ്
തോമസ് കൊട്ടുകാപ്പള്ളിയും സഹോദരൻ ജോർജ് ജോസഫ് കൊട്ടുകാപ്പള്ളിയും ഉപരിപഠനത്തിനു പോയത് കൽക്കത്തക്കാണ്. ഡിഗ്രി പഠനത്തിനു ചേർന്നെങ്കിലും അവിടെ
വച്ചു ഒട്ടേറെ ദേശീയ നേതാക്കളുടെ പ്രഭാഷണങ്ങൾ കേട്ടതോടെ ദേശീയ ബോധം തലയ്ക്കുപിടിച്ചു മനസ്സുമാറ്റി രണ്ടുപേരും തിരിയെ പാലായിലേക്ക് വരികയായിരുന്നു. ഇവിടെ എത്തിയശേഷം വക്കീൽ രാമപുരം ആർ.ടി. മാണിയുമായിച്ചേർന്നു ടൗണിലെ തെരുവിൽ മാളികയിൽ ഒരു ദേശീയ
വായനശാല ആരംഭിച്ചുവെന്നു മാത്രമല്ല ആദ്യമായി പാലായിൽ അവർ മൂവരും ചേർന്നാണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രെസ്സിന്റെ ഒരു ശാഖ രൂപികരിക്കുന്നതും. അവരെ പാലാക്കാർ വിളിച്ചത് ആലി ബ്രദേഴ്‌സ് എന്നാണ്. ഖിലാഫത് കാലമായിരുന്നല്ലോ. ഗാന്ധിജിയുടെ അക്കാലത്തെ അടുപ്പക്കാരായിരുന്നതു മൗലാനാ മുഹമ്മദ് ആലിയും മൗലാനാ ഷൗക്കത് ആലിയുമായിരുന്നു. പേരിടാൻ അന്നും പാലാക്കാർക്കു സാമർഥ്യമുണ്ടായിരുന്നുവന്നു സാരം. എന്നാൽ താമസിയാതെ അവർ അവരുടെ ചില ബന്ധുക്കളും സുഹൃത്തു ക്കളുമായി പങ്കുചേർന്നു പാലാ സെൻട്രൽ ബാങ്ക് സ്ഥാപിക്കുകയും അതിവേഗം വളർന്നു ബാങ്കിങ് രംഗത്തു വലിയ വിശ്വാസ്യത നേടുകയും ചെയ്തു. ആർ. ടി. മാണി വക്കീൽ മൈസൂരിലെ കൂർഗ്ഗിൽ പോയി സ്ഥലമെടുത്തു കോഫി എസ്റ്റേറ്റുകൾ തുടങ്ങി കൃഷിയിലേക്കും തിരിഞ്ഞു. അപ്പോഴും അവർ തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് കോണ്ഗ്രെസ്സിനോട് നിലനിർത്തി.

1934ൽ ആർ.ടി. മാണി വക്കീലിന്റെ മൂത്ത സഹോദര പുത്രൻ ആർ. വി.തോമസ് പാലായിൽ നിന്നും നിയമസഭാ കൗണ്സിലിലേക്കു എം. എൽ. സി ആയി തെരഞ്ഞെടുക്കപ്പെടുകയും നിവർത്തന പ്രക്ഷോഭണ്ത്തിലും തുടർന്ന് സംയുക്ത രാഷ്ട്രീയ സഖ്യ സമരത്തിലും കൂടി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണത്തിന് പട്ടം താണുപിള്ള, ടി. എം. വർഗീസ്, സി. കേശവൻ, എ. ജെ. ജോണ്, ആനി മസ്ക്രീൻ, ഈ. ജോണ് ഫിലിപ്പോസ് തുടങ്ങിയവർക്കൊപ്പം നേതൃത്വം നൽകുകയും ചെയ്തു.പാലായിൽ ആദ്യകാലത്തു ആർ.വി.യ്ക്കൊപ്പം മുൻനിരയിൽ വന്നത് ഡേവിഡ് മഹാപിള്ള, ഡോ. എൻ.കെ. വാര്യർ തുടങ്ങിയവരാണ്.പി.ടി. ചാക്കോ, കെ.എം. ചാണ്ടി, ചെറിയാൻ കാപ്പൻ തുടങ്ങിയവർ യുവനിരയിലും.

സ്റ്റേറ്റ് കോൺഗ്രസ് വിരോധം മൂത്തു ദിവാൻ സർ സി.പി നാഷണൽ ക്വയിലോണ് ബാങ്ക് പൊളിക്കുകയും കെ.സി. മാമ്മൻ മാപ്പിളയെയും സഹോദരങ്ങളെയും, സി.പി. മാത്തൻ
തുടങ്ങിയവരെയും തടവിൽ ആക്കുകയും ചെയ്തപ്പോൾ ടി. എം. വർഗീസ് ആണ് കൊട്ടുകാപ്പള്ളിയോട് സജീവ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കാനും പാലാ ബാങ്കിനെ ദിവാന്റെ കോപത്തിൽപ്പെടാതെ സൂക്ഷിക്കാനും രഹസ്യമായി ഉപദേശിച്ചത്.

പാലാ കോളേജിന്റെ സ്ഥാപനത്തിലും
കൊട്ടുകാപ്പള്ളി ബിഷപ്പു മാർ സെബാസ്റ്റ്യൻ വയലിലിനോടൊപ്പം നിന്നു ആദ്യവസാനം
പ്രവർത്തിക്കുകയുണ്ടായി. പാലാ മുനിസിപ്പാലിറ്റിയുടെ ആദ്യ കൗണ്സിലിൽ തൊമ്മച്ചനും അംഗമാവുകയും ആദ്യ ചെയർമാനായിരുന്ന ആർ. വി. തോമസ് നിയമസഭാ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പകരം മുനിസിപ്പൽ ചെയർമാനാവുകയും ചെയ്തു.1953ൽ പി.ടി. ചാക്കോ തൻ്റെ എം.പി. സ്ഥാനം രാജിവച്ച ഒഴിവിൽ അന്നത്തെ മീനച്ചിൽ പാർലമെന്റ് മണ്ഡലത്തിൽ നിന്നു കോണ്ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചതും കൊട്ടുകാപ്പള്ളി തൊമ്മച്ചനായിരുന്നു. പ്രശസ്ത സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അക്കാമ്മ ചെറിയാനായിരുന്നു എതിർ സ്ഥാനാർത്ഥി.

അക്കാമ്മ സ്റ്റേറ്റ് കോണ്ഗ്രസിന്റെ
മുൻനിരപടയാളിയായിരുന്നു. അക്കാമ്മയെ ഒരിക്കൽ മഹാത്മാ ഗാന്ധി വിശേഷിപ്പിച്ചത്
തിരുവിതാംകൂറിന്റെ ഝാൻസിറാണിയെന്നാണ്.
പിൽക്കാലത്തു എന്തുകൊണ്ടോ അവർക്ക് കോൺഗ്രസ് നേതൃത്വത്തിൽ നിന്നു അർഹമായ ഒരു പരിഗണനയും കിട്ടിയിരുന്നില്ല.ആദ്യ നിയമസഭയിൽ അംഗമായെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് മിസ് ആനി മസ്ക്രീനെയായിരുന്നു. 1952ൽ മീനച്ചിൽ നിന്നു
ലോക്സഭ ടിക്കറ്റ് ചോദിച്ചപ്പോഴും പാർട്ടി ടിക്കറ്റ് കൊടുത്തതു പി.ടി.ചാക്കോയ്ക്കായിരുന്നു . 53ൽ ചാക്കോ രാജിവച്ചപ്പോഴും പാർട്ടി അവർക്ക് ടിക്കറ്റ് നിഷെധിച്ചപ്പോഴാണ് അവർ
സ്വാതന്ത്രയായി മത്സരിച്ചത്. കൊട്ടുകാപ്പള്ളിയും അക്കമ്മയും തമ്മിൽ നടന്നത് തീ പാറുന്ന മത്സരവുമായിരുന്നു. പക്ഷെ അവരുടെ ആദ്യ പ്രസവത്തിനു ആരോഗ്യ കാരണങ്ങളാൽ പെട്ടെന്ന് തന്നെ വെല്ലൂർ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നതുകൊണ്ട്
അക്കാമ്മക്കു പ്രചാരണത്തിനിറങ്ങുവാനും കഴിഞ്ഞില്ല. മീനച്ചിൽ അന്ന് കോണ്ഗ്രസ്സിന്റെ ഒരു ശക്തികേന്ദ്ര മായിരുന്നുവെന്നു മാത്രമല്ല കൊട്ടു കാപ്പള്ളിക്കു നായർ- ക്രിസ്ത്യൻ സമുദായങ്ങളുടെയും മനോരമ -ദീപിക- ദേശബന്ധു പത്രങ്ങളുടെയും സഭയുടെയും ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. എന്നിട്ടും കോണ്ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകളിൽ
കാര്യമായ ചോർച്ചയുണ്ടാക്കാൻ അവരുടെ സ്ഥാനർത്ഥിത്വത്തിനു കഴിഞ്ഞു.പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടി അവർക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത് ഒരു പക്ഷെ അവർക്ക്
കിട്ടാമായിരുന്ന ഒട്ടുവളരെ യാഥാസ്ഥിതിക വോട്ടുകൾ നഷ്ടപ്പെടുത്തിയിരിക്കാനും ഇടയുണ്ട്‌.തെരെഞ്ഞെടുപ്പ് ഫലം വന്നശേഷം കൊട്ടുകാപ്പള്ളി ആദ്യം ചെയ്തത് അക്കാമ്മയെ പോയി കാണുകയാണ്. നേരത്തെയും അവർ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീടും രണ്ടുപേരും അവരുടെ പഴയ സൗഹൃദം കോട്ടം വരാതെ നിലനിർത്തുകയുംചെയ്തു. അക്കാലത്തെ രാഷ്ട്രീയത്തിന്റെ ഒരു
നന്മവശമായിരുന്നു അത്‌.

എന്നാൽ അത്ഭുതം സംഭവിച്ചത് കുറച്ചുകാലം കഴിഞ്ഞാണ്. അക്കാമ്മക്കു തെരഞ്ഞുടുപ്പ് വലിയ കടമുണ്ടാക്കിയിരുന്നു. സ്വാതന്ത്ര്യ സമരത്തിലും അവർക്ക് ഒട്ടു വളരെ സ്വത്തു നഷ്ടപ്പെട്ടിരുന്നല്ലോ. ഒരു ദിവസം കൊട്ടുകാപ്പള്ളി അക്കമ്മയുടെ വീട്ടിൽ ചെന്നുവെന്നും അക്കാമ്മയും ഭർത്താവ് വി.വി. വർക്കി ( അദ്ദേഹവും സ്വാതന്ത്ര്യ സമര സേനാനിയും എം.എൽ.എ
യുമായിരുന്നു)യുമായി ദീർഘമായി
പഴയകാലകഥകളൊക്കെ പറഞ്ഞു
മടങ്ങുമ്പോൾ ഒരു കവർ (അന്നത്
വലിയൊരു തുക തന്നെയായിരുന്നു)
അക്കമ്മയുടെ കയ്യിൽ കൊടുത്തു
പറഞ്ഞുവത്രെ ” അന്നത്തെ തെരെഞ്ഞെടുപ്പിൽ അക്കമ്മയ്ക്കു നല്ല ഒരു തുക കടം വന്നുവെന്ന് എനിക്കറിയാം. ഇതൊരു ചെറിയ പരി
ഹാരമാവട്ടെ. വേണ്ടെന്നു മാത്രം പറയരുത്.” രണ്ടുപേർക്കും കണ്ണു നിറഞ്ഞുവെന്നാണ് പറഞ്ഞുകേട്ട കഥ. ലോകത്ത് ഒരുപക്ഷേ ആദ്യമായിട്ട് ആയിരിക്കാം ഒരു സ്ഥാനാർഥി
തനിക്കെതിരെ മത്സരിച്ചു തോറ്റ സ്ഥാനാർഥിക്കു ഇങ്ങിനെ ഒരു നഷ്ട പരിഹാരം നൽകുന്നത്. വ്യംഗ്യമായ ക്ഷമാപണം! കൊട്ടുകാപ്പള്ളിയുടെ നന്മയുടെ ഒരു വശം കൂടി സൂചിപ്പിച്ചുവെന്നുമാത്രം.

കൊട്ടുകാപ്പള്ളി എം.പി. ആയിരിക്കു മ്പോഴാണ് ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പാകുന്നതും ഈരാറ്റുപേട്ട – വാഗമണ്ണ് റോഡുണ്ടാകുന്നതും. അന്ന് (1960-62) സംസ്ഥാന വൈദ്യുതി മന്ത്രി പി.ടി. ചാക്കോ ആയിരുന്നു. മരാമത്ത് മന്ത്രി
ഡി. ദാമോദരൻ പോറ്റിയും. അതു തീർച്ചയായും അന്ന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയിരിക്കണം.
അക്കാലത്തു തന്നെയാണ് തികച്ചും
ദുരൂഹമായ സാഹചര്യത്തിൽ പാലാ
സെൻട്രൽ ബാങ്ക് ലിക്വിഡേഷനു
വിധേയമായത്. റിസർവ് ബാങ്കിന്
പാലാ ബാങ്കിനോട് പക ഉണ്ടായിരു ന്നുവെന്നും അതാണ് ബാങ്ക് പൊളിയാനുള്ള കാരണമെന്നും വാദിച്ചവരും അതല്ല ധനകാര്യ മന്ത്രി
മൊറാർജി ദേശായിക്കുണ്ടായിരുന്ന
കടുത്ത നിലപാടുകളാണ് ലിക്വിഡേഷനിലേക്കു നയിച്ചതെന്ന് പറഞ്ഞവ രുമുണ്ട്. എന്തായാലും ബാങ്കിന്റെ തകർച്ച കൊട്ടുകാപ്പള്ളിയെ രാഷ്ട്രീയമായും ശാരീരികമായും മാനസികമായും വല്ലാതെ ഉലച്ചുവെന്നതിൽ തർക്കമില്ല. പോരാത്തതിന് കോടതിയിൽ പരസ്യ വിചാരണയും കൂടി വന്നതോടെ അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിൽ മുറി
വേറ്റു. പൊതുരംഗത്തുനിന്നു മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോഴും കൊട്ടുകാപ്പള്ളി
പ്രതിസന്ധികൾക്ക് മധ്യത്തിൽ ഭഗവത് ഗീത പറഞ്ഞതുപോലെ സ്ഥിത പ്രജ്ഞനായി നിലകൊണ്ടു. വേദ പുസ്തകം കാണാപ്പാഠമായിരുന്നതു പോലെ ഗീതയും കൊട്ടുകാപ്പള്ളിക്കു മനഃപ്പാഠമായിരുന്നിരിക്കണം. എന്നും കൊട്ടുകാപ്പള്ളി ഒരു നല്ല വായനക്കാരനായിരുന്നു. ഒരു പക്ഷെ അക്കാലത്തു കേരളത്തിലെ ഏറ്റവും നല്ല ഹോം ലൈബ്രറിയും കൊട്ടുകാപ്പള്ളിയിലേതു തന്നെ ആയിരിക്കണം.

ജ്യോതിഷ്ത്തിലും അദ്ദേഹം താല്പരനായിരുന്നു.
അതു പ്രകാരം കൊട്ടുകാപ്പള്ളിക്കു
ഹംസ മഹാ യോഗ ഭാഗ്യമായിരുന്നത്രെ
പറഞ്ഞിരുന്നത്. ഹംസയോഗത്തിന്റെ
അനുഭവം നല്ല സുഹൃത് ബന്ധങ്ങളാണ്. ജവഹർലാൽ നെഹ്റു, വി.കെ.
കൃഷ്ണമേനോൻ, വിജയലക്ഷ്മി പണ്ഡിറ്റ്, നയൻതാരഷൈഗാൾ, രാജകുമാരി അമൃതകൗർ, കാർട്ടൂണിസ്റ് ശങ്കർ, പ്രമുഖ പത്രാധിപർ ആയിരുന്ന ചലപ്പതി റാവു, എ.കെ.ഗോപാലൻ തുടങ്ങിയവരെല്ലാം കൊട്ടുകാപ്പള്ളിയുടെ ആത്മ മിത്രങ്ങളായിരുന്നു. ഹംസ യോഗം ഒട്ടും മോശമായില്ല!

പ്രായവ്യത്യാസം പരിഗണിക്കാതെ
എല്ലാവരെയും ഹൃദയത്തോട് ചേർത്തുനിർത്തുന്നതായിരുന്നു കൊട്ടുകാപ്പള്ളിയുടെ രീതി. അതിൽ
ജാതിമത ഭേദമോ രാഷ്ട്രീയ വ്യത്യാസമോ ഒന്നും തടസ്സമാ യതുമില്ല.മറ്റുള്ളവരെ സഹായിക്കുന്നതിൽ എന്നും സന്തോഷം
കണ്ടിരുന്നയാളായിരുന്നു കൊട്ടുകാപ്പള്ളി. ദാന
ധർമം കൊണ്ടു സ്വന്തം സ്വത്തിനു
വേലികെട്ടിയിട്ടു പോയ ആളായിരുന്നു
തൊമ്മച്ചനെന്നു പിൽക്കാലത്തു പ്രശംസ പറഞ്ഞതു കൊട്ടുകാപ്പള്ളി യുടെ അക്കാലത്തെ ഒരു രാഷ്ട്രീയ വിരോധിയാണ്!

സംഭാഷണ കലയിലും അദ്ദേഹം ഒരസാമാന്യ വിദഗ്ദ്ധനായിരുന്നു. ഇംഗ്ലീഷും മലയാളവും കൊട്ടുകാപ്പള്ളിക്കു ഒരുപോലെ വഴങ്ങിയിരുന്നു. എത്രസമയം കേട്ടിരുന്നാലും കേൾക്കുന്നവർക്കു മടുപ്പില്ല. നർമ്മവും പരിഹാസവും സാഹിത്യവും രാഷ്ട്രീയവും സ്വജീവിതാനുഭവങ്ങളും ദേശീയ നേതാക്കളെയും നാട്ടു നേതാക്കളെയും കുറിച്ചുള്ള വിലയിരുത്തലുകളും എല്ലാം ചേർന്നതായിരുന്നു തൊമ്മച്ചന്റെ സംഭാഷണ രീതി. അടുപ്പമുള്ളവുരുമായി അനുഭവ കഥകൾ പങ്കുവയ്ക്കുന്നതും അദ്ദേഹത്തിന് ഹരമായിരുന്നു.

ആത്മസ്നേഹിതന്റെ മകനെന്ന നിലയിൽ എന്നോടും വലിയ വാത്സല്യമായിരുന്നു. വിശ്വാസവും. സജീവ രാഷ്ട്രീയത്തിലും എനിക്ക്
അദ്ദേഹം വഴികാട്ടിയും മാർഗ്ഗദർശിയുമായി.1969ൽ പാലായിലെ ഗാന്ധി ജൻമ ശതാബ്ദി കമ്മിറ്റിയുടെ പ്രസിഡന്റായി കൊട്ടുകാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജനറൽ സെക്രെട്ടറിയായി എന്നെയാണ് അദ്ദേഹം നിർദേശിച്ചത്. യാത്രകളിൽ പലപ്പോഴും ഒപ്പംകൂട്ടി. നെഹ്രുവിനേയും കൃഷ്ണമേനോനെയും മറ്റും പറ്റിയുള്ള ഒട്ടേറെ കഥകൾ പറഞ്ഞു കേൾപ്പിച്ചു. എന്നാൽ 1969ൽ ദേശീയ തലത്തിലുണ്ടായ കോണ്ഗ്രസ്സിന്റെ പിളർപ്പിൽ കൊട്ടുകാപ്പള്ളി ഇന്ദിരപക്ഷത്തു ഉറച്ചുനിന്നപ്പോൾ ഞാൻ മൊറാർജി ഭാഗത്തു നിൽക്കുന്നതിനോട് എതിർപ്പൊന്നും പ്രകടിപ്പിച്ചതുമില്ല, പാലാ ബാങ്ക് കാര്യത്തിൽ മൊറാർജിയോട് അദ്ദേഹത്തിന് വലിയ ക്ഷോഭവും പരിഭവവുമുണ്ടായിരുന്നിട്ടു
കൂടി.അതായിരുന്നു അദ്ദേഹത്തിന്റെ നന്മ.

ജീവിതത്തിലെന്നതുപോലെ മരണത്തിലും കൊട്ടുകാപ്പള്ളി സവിശേഷത പുലർത്തി.
പാർലമെന്റിൽ തന്റെ സഹപ്രവർത്തക നായിരുന്ന പ്രൊഫ. സി. പി. മാത്യുവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനു കോട്ടയം
എം.ടി. സെമിനാരി ഹാളിൽ ചേർന്ന യോഗത്തിൽ തന്റെ പ്രിയ മിത്രത്തെ ക്കുറിച്ചുള്ള വികരഭരിതമായ ഓർമകൾ പങ്കു വയ്ക്കുന്നതിനിടയിലാണ്
ഹൃദയാഘാതം മൂലം കൊട്ടുകാപ്പള്ളി
അന്തരിച്ചത്. ജീവിതത്തെയെന്ന പോലെ തന്റെ മരണത്തെയും കൊട്ടുകാപ്പള്ളി തൊമ്മച്ചൻ താനറിയാതെ വൻവാർത്തയാക്കി.

നിർത്താതെ പെയ്ത പെരുമഴയിലും
പിറ്റേന്ന് പതിനായിരങ്ങളാണ് കൊട്ടുകാപ്പള്ളിക്കു സ്നേഹപൂർവം യാത്രാമൊഴി ചൊല്ലിയത്. എ. ഐ. സി.സി. യുടെ ആദ്യ മലയാളി ജനറൽ സെക്രട്ടറി കെ. പി. മാധവൻ നായരും ഭാര്യ പവിഴം മാധവൻ നായരും ആ പെരുമഴയത്തു കൊട്ടുകാപ്പള്ളിയിലെ വീട് മുതൽ പാലാപ്പള്ളി വരെ നടന്നു കൊണ്ടാണ് കൊട്ടുകാപ്പള്ളിക്കു വിട ചൊല്ലിയത്. പള്ളിയിലേക്ക് മഴ നനയാതെ കാറിൽപ്പോകാമെന്നു ഇടയ്ക്കു രണ്ടു തവണ ഞാൻ അവരോടു പറഞ്ഞു നോക്കിയെങ്കിലും അവർ പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും പരിമിതികൾ അവഗണിച്ചുകൊണ്ട് തന്നെ മുഴുവൻ ദൂരവും നടന്നു തീർക്കുകയായിരുന്നു വെന്നതും ഞാൻ ഓർമ്മിക്കുന്നു.പഴയകാല നേതാക്കളുടെ മഹത്വവും നന്മയും കൂടി ഓർമ്മിച്ചു പോയി എന്ന് മാത്രം. ആരെന്തു പറഞ്ഞാലും കൊട്ടുകാപ്പള്ളി തൊമ്മച്ചൻ ജീവിച്ചതും മരിച്ചതും ഒരു കോണ്ഗ്രെസ്സുകാരനായി തന്നെയാണ്

തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ (1923ൽ ) പാലായിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ആദ്യ ശാഖയ്ക്കു രൂപം കൊടുത്ത ത്രിമൂർത്തികളിൽ ഒരാളായിരുന്ന ജോർജ് തോമസ് കൊട്ടുകാപ്പള്ളി നമ്മെ കടന്നു പോയിട്ടു 2020 ഒക്ടോബർ മാസത്തിൽ 50 വർഷമാവുന്നു.
ദേശ ഭക്തനായ ജനനേതാവെന്നനിലയിലും അഭിജാതനായ നഗര പിതാവെന്ന നിലയിലും കഴിവുറ്റ പാർലമെന്റ് അംഗമെന്ന നിലയിലും ഐക്യ രാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി എന്ന നിലയിലും പാലായുടെ അഭിമാന ഭാജനമായിരുന്ന കൊട്ടുകാപ്പള്ളി തൊമ്മച്ചൻ എന്നും നമുക്കു ഒരു ദീപ്ത സ്മരണയാണ്. രാഷ്ട്രീയത്തിലെ താരതമ്യമില്ലാത്ത ഒരു ഹിമാലയം.ധരിച്ചിരുന്ന ഖാദിയുടെ
വെണ്മ ജീവിതത്തിലും പുലർത്തിയ
നേതാവ്. ധന സമ്പന്നതക്കിടയിലും ഗാന്ധിയൻ ലാളിത്യം ജീവിത ശൈലിയാക്കിയിരുന്ന വ്യവസായ പ്രമുഖൻ. സൂര്യനസ്തമിക്കും മുൻപ് എല്ലാ പിണക്കങ്ങളും, എല്ലാവരോടും പറഞ്ഞവസാനിപ്പിച്ചിരുന്ന ഭക്തൻ. ജനങ്ങൾക്കിടയിൽ താങ്ങായും തണലായും പടർന്നു പന്തലിച്ചു നിന്ന ഒരു വലിയ നന്മ മരം. കൊട്ടുകാപ്പള്ളിയെപ്പോലെ കൊട്ടുകാപ്പള്ളി മാത്രം എന്നു പറയാൻ പാലക്കാർക്കാർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല!

നന്മയുടെ വന്മരത്തിനു പ്രണാമം.

ഡോ. സിറിയക് തോമസ്

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2