പാലക്കാട്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലെ സിറ്റൗട്ടില്‍ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുവതിയെ വിളിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞ വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി യുവതിക്ക് സംരക്ഷണം നല്‍കാന്‍ ഹേമാംബിക നഗര്‍ പൊലീസിനും വനിതാ പ്രൊട്ടക്‌ഷന്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ശ്രുതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശവുമുണ്ട്.

ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി ശ്രുതിയും (24) 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് ദിവസങ്ങളായി പാലക്കാട് ധോണിയില്‍ ഭര്‍തൃവീടിന്റെ സിറ്റൗട്ടില്‍ താമസിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നേരത്തെ, ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്ന ശ്രുതിയുടെ ഭര്‍ത്താവ് മനു കൃഷ്ണനെതിരെ മാനസിക പീഡനത്തിന് മറ്റൊരു കേസ് കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തു.

കുഞ്ഞുമായി ഭര്‍തൃ വീട്ടിലേക്ക് എത്തുന്ന വിവരമറിഞ്ഞ് ഭര്‍ത്താവ് വീടു പൂട്ടിപ്പോയെന്നാണ് ശ്രുതിയുടെ പരാതി. ജൂലൈ ഒന്നിനാണു പത്തനംതിട്ടയിലെ സ്വന്തം വീട്ടില്‍ നിന്നും യുവതി ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. സമീപത്തെ വീടുകളില്‍ കഴിഞ്ഞ ശ്രുതിയും കുഞ്ഞും പിന്നീട് ഭര്‍തൃ വീടിന്റെ സിറ്റൗട്ടിലേക്ക് താമസം മാറുകയായിരുന്നു.