അയര്‍ക്കുന്നം: നായയെ വാഹനത്തിനു പിന്നില്‍ കെട്ടിയിട്ടു കിലോമീറ്ററുകളോളം വലിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ളാക്കാട്ടൂര്‍ വലിയകാഞ്ഞിരത്തുങ്കല്‍ ജെഹു തോമസ് കുരുവിളയാണ് (22) അറസ്റ്റിലായത്. കാറിന്റെ പിന്നില്‍ കെട്ടിയിട്ടിരുന്ന ലാബ്രഡോര്‍ നായ ചത്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ രാവിലെ ആറോടെ അയര്‍ക്കുന്നംളാക്കാട്ടൂര്‍ റൂട്ടിലാണു സംഭവം.

അമിത വേഗത്തില്‍ വന്ന കാറിന്റെ പിന്നില്‍ എന്തോ വലിച്ചു കൊണ്ടു പോകുന്നതു കണ്ട നാട്ടുകാരാണു സംഭവം ശ്രദ്ധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കറുത്ത നിറത്തിലുള്ള നായയായിരുന്നു അത്. നായയെ റോഡിലൂടെ വലിച്ചുകൊണ്ടു പോയെന്ന വിവരത്തെ തുടര്‍ന്നു പൊതുപ്രവര്‍ത്തകനായ ടോംസണ്‍ ചക്കുപാറയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ചേന്നാമറ്റം വായനശാലയുടെ മുന്നിലുള്ള ക്യാമറയില്‍നിന്നാണ് ദൃശ്യം ലഭിച്ചത്. തുടര്‍ന്ന് അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരതയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാര്‍ പറഞ്ഞു. 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്നാണു കാര്‍ തിരിച്ചറിഞ്ഞതെന്ന് അയര്‍ക്കുന്നം എസ്‌എച്ച്‌ഒ ആര്‍.മധു പറഞ്ഞു. പട്ടിക്കൂട് തകര്‍ന്നതിനാല്‍ വീട്ടുകാര്‍ നായയെ പോര്‍ച്ചില്‍ കാറിന്റെ പിന്നില്‍ കെട്ടിയിട്ടതായിരുന്നെന്നാണു യുവാവ് പൊലീസിനെ അറിയിച്ചത്. ഇതറിയാതെ കാര്‍ എടുക്കുകയായിരുന്നു.

വീട്ടിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഉള്ളതിനാല്‍ രാവിലെ എടിഎമ്മില്‍ പോയി പണം എടുക്കാനാണ് അയര്‍ക്കുന്നത്തേക്കു പോയത്. കാറിന്റെ പിറകില്‍ നായയെ കണ്ടില്ല. നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും യുവാവ് പൊലീസിനെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക