തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം (ടി.എന്‍.സി.സി) പ്രസിഡണ്ട് കെ.എസ് അഴഗിരി പാര്‍ട്ടി നേതാക്കള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. ചര്‍ച്ചയില്‍ ഡി.എം.കെ നേതാക്കള്‍ തമിഴ്നാടിന്റെ ചുമതലയുള്ള ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചുവെന്നും അത്തരമൊരു അപമാനം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് ചെന്നൈയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ചെന്നൈയിലെ സത്യമൂര്‍ത്തി ഭവനില്‍ ടി.എന്‍.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാവ് വീരപ്പ മൊയ്ലി, ടി.എന്‍.സി.സി ഇന്‍ ചാര്‍ജ് ദിനേഷ് ഗുണ്ഡു, അഴഗിരി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
യോഗത്തില്‍ ഡി.എം.കെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളെ പറ്റി സംസാരിക്കവെയാണ് അഴഗിരി നിയന്ത്രണം വിട്ടത്. സീറ്റിന്റെ എണ്ണത്തേക്കാള്‍ മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിയോടുള്ള അവഹേളനമാണ് തന്നെ വേദനിപ്പിച്ചതെന്ന് അഴഗിരി പറഞ്ഞു. വൈകീട്ട് രാഹുല്‍ ഗാന്ധി അഴഗിരിയെ ഫോണില്‍ വിളിക്കുകയും അഭിമാനാര്‍ഹമായ എണ്ണം സീറ്റുകള്‍ മുന്നണിയില്‍ നിന്ന് വാങ്ങിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം അഴഗിരി മാധ്യമങ്ങളെ കണ്ടപ്പോള്‍ ഡി.എം.കെയുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ് എന്നാണ് അറിയിച്ചത്. 25-ല്‍ കൂടുതല്‍ സീറ്റ് നല്കാന് കഴിയില്ലെന്ന് ഡി.എം.കെ കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം. 2016-ല്‍ തങ്ങള്‍ 41 സീറ്റില്‍ മത്സരിച്ചിരുന്നുവെന്നും ഇത്തവണ 35 സീറ്റെങ്കിലും ലഭിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. 30 സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ മുന്നണിയില്‍ തുടരേണ്ടതില്ല എന്നാണ് ടി.എന്‍.സി.സിയിലെ പൊതുവികാരമെന്നും അറിയുന്നു.
നിലവില്‍ സഖ്യകക്ഷികളായ സി.പി.ഐ, മുസ്ലിം ലീഗ്, വിടുതലൈ ചിരുത്തൈഗള്‍ കച്ചി, മനിതനേയ മക്കള്‍ കച്ചി എന്നിവയുമായുള്ള ചര്‍ച്ചകള്‍ ഡി.എം.കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സി.പി.ഐ ആറും ലീഗ് മൂന്നും സീറ്റുകളിലാവും മത്സരിക്കുക. കോണ്‍ഗ്രസ്, എം.ഡി.എം.കെ, സി.പി.എം എന്നീ പാര്‍ട്ടികളുമായുള്ള ചര്‍ച്ച തുടരുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയകാന്തിന്റെ ദേശീയ മുര്‍പോക്കു ദ്രാവിഡ കഴഗം നേതൃത്വം നല്കിയ ‘മക്കള്‍ നള കൂട്ടണി’ എന്ന മുന്നണിയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സരിച്ചിരുന്നത്. സി.പി.ഐയും സി.പി.എമ്മും 25 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല.