കോട്ടയം: റാന്നിയും പാലായും ചാലക്കുടിയും.. മൂന്നും ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റുകള്‍. കുറ്റ്യാടി സിപിഎമ്മിന്റെ ഉറച്ച മണ്ഡലം. പെരുമ്ബാവൂരും സിപിഎം സ്വാധീനം ശക്തം. ഈ അഞ്ചു സീറ്റുകളിലും ഇത്തവണ മത്സരിക്കുന്നത് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയാണ്. ഇത്രയും സാധ്യതയുള്ള സീറ്റുകള്‍ സിപിഎം നല്‍കുമെന്ന് ജോസ് കെ മാണി പോലും കരുതിയില്ല. എന്നാല്‍ പിണറായി വിജയന്‍ വാരിക്കോരി കൊടുത്തു. മധ്യകേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കാനാണ് അത്. കോട്ടയത്ത് സിപിഐ കലിപ്പിലാണ്. ബാക്കിയുള്ളിടത്ത് സിപിഎമ്മിലെ വിമതരും. ഇതെല്ലാം കേരളാ കോ്ണ്‍ഗ്രസിന്റെ ജയത്തെ ബാധിക്കുമോ എന്ന ആശങ്ക അതിശക്തം.

പിണറായിയുടെ കണ്ണിലുണ്ണിയായി മൂന്ന് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തുവെങ്കിലും തെരഞ്ഞെടുപ്പ് ഗോധ കടക്കാന്‍ ജോസ് കെ മാണിക്ക് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന വിലയിരുത്തലാണ് സജീവം. പാലായില്‍ പോലും കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. ഇവിടെ സിപിഐയുടെ നിലപാട് എന്താകുമെന്നതാകും നിര്‍ണ്ണായകം. മാണി സി കാപ്പന് സിപിഐ വീണ്ടും വോട്ടു ചെയ്താല്‍ ജോസ് കെ മാണി പ്രതിസന്ധിയിലാകും. തോല്‍പ്പിക്കുമെന്ന സിപിഐയുടെ പരസ്യ വെല്ലുവിളിയും സീറ്റ് വിട്ടു കൊടുക്കേണ്ടി വന്ന മണ്ഡലങ്ങളില്‍ സിപിഎം പ്രതിഷേധവും ജോസ് കെ മാണിക്ക് പാരയാകുമെന്നാണ് വിലയിരുത്തല്‍. പിണറായിയുടെ പ്രിയങ്കരനായി ജോസ് കെ മാണി മാറുമ്ബോഴും കേരളാ കോണ്‍ഗ്രസിനോടുള്ള എല്‍എഡിഎഫിലെ അതൃപ്തി വളരുകയാണ്.

യുഡിഎഫില്‍ ശ്രേയംസ് കുമാറിന്റെ എല്‍ജെഡി മത്സരിച്ചത് ഏഴ് സീറ്റില്‍. ഇടതുപക്ഷം കൊടുത്തത് മൂന്നും. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും വെട്ടേറ്റു. സ്‌കറിയാ തോമസിന്റെ പാര്‍ട്ടിക്ക് സീറ്റില്ല. ഇതെല്ലാം സീറ്റ് വിഭജനം ഏതാണ്ട് പൂര്‍ത്തിയാകുമ്ബോള്‍ കേരള കോണ്‍ഗ്രസ് (എം) ഒഴിച്ച്‌ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ അതൃപ്തിയിലും അമര്‍ഷത്തിലുമായി. സ്വന്തം സീറ്റുകള്‍ വിട്ടുകൊടുത്ത് കേരള കോണ്‍ഗ്രസിനോടു കാട്ടിയ ഔദാര്യത്തിന്റെ പേരില്‍ സിപിഎമ്മില്‍ പ്രാദേശികമായ പ്രതിഷേധം അണപൊട്ടി. കുറ്റ്യാടിയിലും പെരുമ്ബാവൂരിലും റാന്നിയിലും ഇത് ശക്തമാണ്. ചാലക്കുടിക്കാര്‍ക്കും പ്രതിഷേധമുണ്ട്. കോട്ടയത്തെ സിപിഐയുടെ എതിര്‍പ്പാണ് ഇതില്‍ പ്രധാനം.

13 സീറ്റില്‍ മത്സരിക്കുന്നു എന്നു കരുതി കേരള കോണ്‍ഗ്രസ് (എം) ശക്തിയാണെന്നു കരുതാന്‍ കഴിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നു. അവരുടെ പേരില്‍ മാത്രം ക്രിസ്ത്യന്‍ മത ന്യൂനപക്ഷ വോട്ട് ഒഴുകി വരുമെന്നു കരുതുന്നില്ലെന്നും കാനം തുറന്നടിച്ചു. ”ക്രിസ്ത്യന്‍ വോട്ട് എല്‍ഡിഎഫിനു വരും, വന്നിട്ടുണ്ട്. ഏതെങ്കിലും പാര്‍ട്ടിക്കല്ല, എല്‍ഡിഎഫിന്റെ നടപടികളാണ് അതിനു കാരണം” – അദ്ദേഹം പറഞ്ഞു. മത്സരിക്കുമ്ബോഴല്ല, ജയിച്ചു കഴിയുമ്ബോഴേ ഓരോ പാര്‍ട്ടിയും ശക്തമാണോ പ്രധാനമാണോ എന്നെല്ലാം പറയാന്‍ കഴിയൂ. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് 9 സീറ്റില്‍ മത്സരിച്ചിട്ട്, നാലില്‍ തോറ്റില്ലേ? കൂടുതല്‍ സീറ്റ് കിട്ടിയാലും തോല്‍ക്കാം. അതിനര്‍ഥം തോല്‍ക്കണം എന്നല്ല. കേരള കോണ്‍ഗ്രസിന് എന്തിനാണു സീറ്റ് വാരിക്കോരി കൊടുത്തത് എന്ന് എല്‍ഡിഎഫ് കണ്‍വീനറോടാണ് ചോദിക്കേണ്ടത്-ഇതാണ് കാനത്തിന്റെ പ്രതികരണം. കോട്ടയത്ത് സിപിഐയുടെ അമര്‍ഷം വാക്കുകളില്‍ കാനം ഒളിപ്പിക്കുന്നുണ്ട്.

ജയിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മത്സരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയും പ്രതികരിച്ചു. ഇടത് മുന്നണിയുടെ വിജയത്തിനാണ് പ്രാധാന്യം. മത്സരിക്കുന്ന സീറ്റുകളല്ല ജയിക്കുന്ന സീറ്റുകളിലാണ് കാര്യം എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. നിയമസഭ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. യുവാക്കള്‍ക്കും പ്രാധാന്യം ഉണ്ടാകും, ജോസ് കെ. മാണി പറഞ്ഞു. എന്നാല്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാക്കുക അത്ര എളുപ്പമാകില്ല. കോണ്‍ഗ്രസിനൊപ്പമുള്ള പിജെ ജോസഫും ആഗ്രഹിക്കുന്നത് ജോസ് കെ മാണിയുടെ തകര്‍ച്ചയാണ്. ഈ രാഷ്ട്രീയ വെല്ലുവിളി നിസാരമല്ലെന്ന് ജോസ് കെ മാണിക്കും അറിയാം.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2