കൊല്ലം: കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന് 17 വര്ഷം കഠിന തടവും ഇരട്ട ജീവപര്യന്തവും വിധിച്ച കോടതി വിധിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.സൂരജിന് വധശിക്ഷ വിധിക്കണമായിരുന്നുവെന്നാണ് ഭൂരിപക്ഷ ജനാഭിപ്രായം. കൊലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ല എന്ന് പറയുകയാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ‘ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ’ എന്ന ക്ളീഷേ പറയാന്‍ വരുന്നവര്‍ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലില്‍ പോയി കിടന്നാല്‍ തീരാവുന്നതേയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:ശരിയാണ്, നമ്മുടെ നീതിന്യായ സംവിധാനത്തിന് പോരായ്മകളുണ്ട്. നിയമം നടപ്പാക്കുമ്ബോള്‍ കണ്ണടച്ചല്ല, അത് മനുഷ്യത്വം നോക്കുന്നുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും പ്രേരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷ കിട്ടുന്നതും ആണെന്ന് അറിഞ്ഞിട്ടും അത് ചെയ്ത ആളുകള്‍ തന്നെ, ജയിലിനു പുറത്ത് നിന്ന് അതേപ്പറ്റി ഇപ്പോഴും സംസാരിക്കുന്നത് ഈ പഴുതിന്റെ നല്ല ഒരു ഉദാഹരണമാണ്. കൊലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ല. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയില്‍ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും. സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോര്‍ത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയില്‍ ‘ഇതിലും ഭേദം മരണമായിരുന്നു’ എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താല്‍ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തില്‍ എത്തലും. ഓ, ‘ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ’ എന്ന ക്ളീഷേ പറയാന്‍ വരുന്നവര്‍ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലില്‍ പോയി കിടന്നാല്‍ തീരാവുന്നതേയുള്ളൂ.കുറ്റകൃത്യം ചെയ്‌തവരെന്നു വിചാരണാകോടതി കണ്ടെത്തിയവരെയും, അത് ശരിയല്ലെന്നു മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കിയവരെയും വിചാരണ കാത്തിരിക്കുന്നവരെയും പാര്‍പ്പിക്കുന്ന ഇടമാണ് ജയില്‍. മലമൂത്ര വിസര്‍ജ്ജനത്തിനു പോലും സമയക്ലിപ്തത പാലിച്ചു മാത്രം പ്രാഥമികസൗകര്യം കിട്ടുന്ന ഇടമാണ് ജയില്‍. നാലും അഞ്ചും വര്‍ഷത്തെ ശിക്ഷ കഴിയുമ്ബോള്‍ മേല്‍ക്കോടതി, ഇവര്‍ പ്രതികളേ അല്ലെന്നും മറ്റൊരാളാണ് കുറ്റം ചെയ്തതെന്നും കണ്ടെത്തിയ കേസുകളുണ്ട്. Prison and Correctional Services എന്നാണ് ആ വകുപ്പിന്റെ പേര്. പൊതുപണം ഉപയോഗിച്ചു ക്രിമിനലുകളെ പാര്‍പ്പിച്ചു മെച്ചപ്പെട്ട മനുഷ്യരാക്കി മാറ്റാന്‍ ശ്രമിക്കുന്ന സംവിധാനത്തിന്റെ പേരാണ് ജയില്‍. inmates ന്റെ ഭക്ഷണവും അവശ്യ സൗകര്യങ്ങളും ചികിത്സയും വിനോദവും വരെ സര്‍ക്കാര്‍ ചെലവിലാണ്. അതിനുള്ള പണം ചെലവാക്കുന്നത് ബജറ്റില്‍ നിന്ന് തന്നെയാണ്. സര്‍ക്കാരിന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ് അത്. ജയില്‍വാസകരെ പണിയെടുപ്പിച്ച്‌ ഭക്ഷണം ഉണ്ടാക്കി വിറ്റു സര്‍ക്കാര്‍ എത്രയോ പണം ഉണ്ടാക്കുന്നുണ്ട് എന്നത് വേറെ. ലാഭനഷ്ട കണക്ക് നോക്കാന്‍ ജയില്‍ ഒരു കച്ചവടമല്ല.നികുതിപ്പണം സ്റേറ്റിന് പൗരന്‍ നല്‍കുന്ന ഔദാര്യമല്ല. നികുതി സ്റ്റേറ്റിന്റെ നിലനില്‍പ്പാണ്. അതെങ്ങനെ ചെലവാക്കണം എന്നതിന് പോലും ഭരണഘടനയുടെ അതിരുകള്‍ക്ക് അകത്ത് നിന്നേ സര്‍ക്കാരുകള്‍ക്ക് പോലും തീരുമാനിക്കാനാകൂ. പൗരന് അതേപ്പറ്റി അഭിപ്രായം പറയാനുള്ള അവകാശത്തിന്റെ അതിര് വ്യക്തമാണല്ലോ. ജയിലില്‍ തീറ്റ കൊടുക്കുന്നത് എന്റെ നികുതിപ്പണം ആണെന്ന് വേവലാതിപ്പെടുന്നവര്‍ക്ക് ജനാധിപത്യ ക്രമം ചേരില്ല. പല്ലിനു പല്ല് എന്ന നീതി വേണ്ടവര്‍ വല്ല ഇസ്‌ലാമിക് സ്റ്റേറ്റിലോ രാജഭരണത്തിലോ ഗോത്രവര്‍ഗ്ഗങ്ങളിലോ പോകുന്നതാണ് നല്ലത്. കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കഴിഞ്ഞാല്‍, ജീവിതം ബാക്കിയുണ്ടെങ്കില്‍, അന്തസ്സായി മറ്റു മനുഷ്യരെപ്പോലെ നമുക്കിടയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനയാണ് ഇന്‍ഡ്യയില്‍. അതാണ് ആധുനികസമൂഹത്തിന്റെ ലക്ഷണവും. ജീവപര്യന്തം ജയില്‍ എന്നാല്‍ ജീവനുള്ള കാലത്തോളം ജയിലില്‍ എന്നു തന്നെയാണ് അര്‍ത്ഥം എന്നു കോടതികള്‍ പലവുരു പറഞ്ഞിട്ടുള്ളതുമാണ്. ജയിലിലെ ഭക്ഷണത്തില്‍ ആര്‍ഭാടം ഉണ്ടോ, അത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറ്റവാളികളെ reform ചെയ്യാന്‍ പര്യാപ്തമാണോ, യഥാര്‍ത്ഥത്തില്‍ reformation നടക്കുന്നുണ്ടോ… എന്നൊക്കെയുള്ള ചര്‍ച്ച മെറിറ്റില്‍ നടക്കേണ്ടതുണ്ട്. നികുതി കൊടുക്കുന്നതിന്റെ കണക്കും പറഞ്ഞു ജയിലിലെ സൗകര്യങ്ങള്‍ വാഴ്ത്തുന്നവര്‍, അസംബന്ധം പറയുന്നത് നിര്‍ത്തിയിട്ട്, പോയി ജയിലില്‍ കിടന്ന് ആ സൗകര്യങ്ങള്‍ ആസ്വദിച്ചു അവരുടെ നികുതിപ്പണം മുതലാക്കുന്നതല്ലേ നല്ലത്??