കെഎം മാണി വിജയിച്ച പാലായിൽ ജോസ് കെ മാണി മത്സരിക്കുമ്പോൾ തങ്ങൾക്ക് വിജയം ഉറപ്പാണ് എന്നാണ് കേരള കോൺഗ്രസ് കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെയാണ് മാണി സി കാപ്പൻ എംഎൽഎയെ അവർ നിരന്തരം അവഹേളിച്ചതും, അദ്ദേഹത്തിന് യാതൊരു പരിഗണനയും നൽകാതിരുന്നതും. ജോസ് കേന്ദ്രങ്ങളുടെ അവകാശവാദങ്ങളെ സിപിഎമ്മും അപ്പടി വിശ്വസിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി തങ്ങൾക്കൊപ്പം നിൽക്കുന്ന കാപ്പനെ സിപിഎം, അവഗണിച്ചതും കൈവിട്ടതും ജോസ് കേന്ദ്രങ്ങളുടെ ഈ അവകാശവാദങ്ങളെ വിശ്വസിച്ച് തന്നെയാണ്.

മാറിയ ജനവികാരം:

എന്നാൽ ചുരുങ്ങിയ കാലം കൊണ്ടു തന്നെ കെ എം മാണിക്ക് ഒത്ത പിൻഗാമിയാണ് താനെന്ന് പ്രവൃത്തിയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തിയ എംഎൽഎ ആയിരുന്നു മാണി സി കാപ്പൻ. ഏവർക്കും സമീപസ്തൻ. എല്ലാ സാഹചര്യങ്ങളിലും പാലായിൽ നിറഞ്ഞുനിന്ന ജനപ്രതിനിധി. ഒട്ടേറെ വികസന പദ്ധതികൾ അദ്ദേഹം ചുരുങ്ങിയ കാലയളവിൽ തന്നെ പൂർത്തിയാക്കി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത മുന്നണി രാഷ്ട്രീയ ബന്ധങ്ങൾക്കും, ജാതിമത സമവാക്യങ്ങൾക്കും അതീതമായ ബഹുജന സ്വീകാര്യതയാണ്.

ജനവികാരം പ്രതിഫലിക്കുന്ന സർവ്വേ ഫലങ്ങൾ:

ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള പ്രമുഖ ദൃശ്യമാധ്യമങ്ങൾ പാലാ സീറ്റ് മാണി സി കാപ്പന് സീറ്റ്നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും, കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരരംഗത്ത് വരുമ്പോഴുള്ള വിജയ് സാധ്യതകളും അവലോകനം ചെയ്യുന്ന സർവ്വേകൾ നടത്തിയിരുന്നു. ഇവയിലെല്ലാം അൽഭുതകരമായ മുന്നേറ്റമാണ് മാണി സി കാപ്പൻ എംഎൽഎ കാഴ്ചവെച്ചത്.

ഇപ്പോൾ കേരള കോൺഗ്രസ് കേന്ദ്രങ്ങൾക്ക് ഏറ്റവും ഞെട്ടലുണ്ടാക്കിയിരിക്കുന്നത് ദീപിക ഓൺലൈൻ എഡിഷൻ നടത്തിയ സർവ്വേ ഫലം ആണ്. പാലാ സീറ്റ് എൻസിപിക്ക് നിഷേധിച്ചത് ശരിയാണോ എന്ന ചോദ്യം ഉന്നയിക്കുന്ന സർവ്വേയിൽ, എൻസിപിക്ക് സീറ്റ് നിഷേധിച്ചത് തെറ്റായ തീരുമാനം ആണ് എന്നാണ് 74 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദീപിക പരമ്പരാഗതമായി കത്തോലിക്കാ സമുദായത്തിനിടയിൽ പ്രചാരത്തിലുള്ള പത്രമാണ് എന്നിരിക്കെ ഇതിൻറെ വായനക്കാരിൽ ബഹുഭൂരിപക്ഷവും ഈ സമുദായത്തോട് ചേർന്നു നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ വികാരമായി ഈ സർവ്വേ ഫലം കണക്കാക്കപ്പെടുന്നു. വലിയ രീതിയിലുള്ള ആശങ്കയാണ് ഇത് കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ പടർത്തിയിരിക്കുന്നത്.

16 വയസ്സുകാരൻ പുത്രനെ രംഗത്തിറക്കി തിരഞ്ഞെടുപ്പ് പ്രചരണം:

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ തൻറെ പുത്രൻ 16 വയസ്സുകാരൻ കുഞ്ഞു മാണിയെ നഗരസഭയിലെ ഭവന സന്ദർശനങ്ങൾക്ക് അയച്ച്, വികാരപരമായി വോട്ട് തേടുവാൻ ജോസ് കെ മാണിയെ പ്രേരിപ്പിക്കുന്ന കാരണവും മറ്റൊന്നല്ല. മാണി സി കാപ്പന് അനുകൂലമായ ജനവികാരം തങ്ങൾ കരുതിയതിനേക്കാൾ വലുതാണ് എന്ന ബോധ്യം കേരള കോൺഗ്രസ് കേന്ദ്രങ്ങൾക്ക് ഉണ്ടായിരിക്കുന്നു.

പിൽക്കാലങ്ങളിൽ കെഎംമാണി ക്ക് വേണ്ടി അണിനിരന്ന, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം കാപ്പനു വേണ്ടി തനിക്കെതിരായി അണിനിരക്കുമ്പോൾ, തന്നെ പിന്തുണയ്ക്കുന്ന നേതാക്കൾ മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ മണ്ണിൽ സ്വീകാര്യത കുറഞ്ഞവരാണ് എന്നതും കേരള കോൺഗ്രസ് കേന്ദ്രങ്ങൾക്ക് ആശങ്ക വിതയ്ക്കുന്ന കാര്യമാണ്. പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളോട്, വിശ്വാസം ഉൾപ്പെടെയുള്ള വിഷയങ്ങളിലുള്ള അവരുടെ നിലപാടുകളോട്, കെഎം മാണിയുടെ കാലംമുതൽ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ട അവിശ്വാസമാണ് ജോസ് കെ മാണിക്ക് മുന്നിൽ ഇപ്പോൾ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയായി ഉയരുന്നത്.

പാലായിൽ കെഎം മാണിയുടെ കാലത്തിനുശേഷം രാഷ്ട്രീയത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. കെഎം മാണിയുടെ അഭാവത്തിൽ ഉണ്ടായ എംഎൽഎ അവഗണിക്കാനാവാത്ത, വിശ്വാസ്യതയുള്ള ഒരു ജന നേതാവായി വളർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം ആകും പാലാ അസംബ്ലി തിരഞ്ഞെടുപ്പ് പോരാട്ടം എന്ന് നിസംശയം പറയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2