പാലക്കാട് മുതലമടയില്‍ വീടിന് തീപിടിച്ച്‌ ബധിരയായ യുവതി മരിച്ചു. കുറ്റിപ്പാടം സ്വദേശിയായ 25 വയസ്സുകാരിയാണ് മരിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പാടം മണലി സ്വദേശി കൃഷ്ണന്‍റെയും രുഗ്മിണിയുടെയും മകള്‍ സുമയാണ് വീടിനുള്ളില്‍ തീ പടര്‍ന്ന് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്.

വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി സുമയെ രക്ഷപ്പെടുത്താനായില്ല. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീടിന്‍റെ മേല്‍ക്കൂര കത്തിയമരുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് പൂര്‍ണ്ണമായും തീയണച്ചത്. അച്ഛന്‍ കൃഷ്ണന്‍ രാവിലെ ജോലിക്കും അമ്മ രുഗ്മിണി വിവാഹ ചടങ്ങില്‍ പങ്കെടുക്കാനും പോയിരുന്നു. സഹോദരന്‍ സുധീഷും വീട്ടിലുണ്ടായിരുന്നില്ല. വീട് അകത്ത് നിന്നും അടച്ച നിലയിലായിരുന്നു.

സുമ കിടന്നിരുന്ന മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. സുമയുടെ വിവാഹ നിശ്ചയം അടുത്തിടെ ക‍ഴിഞ്ഞിരുന്നു. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപകട കാരണം ശാസ്ത്രീയമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ. ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2