തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വഴിയില്‍ തഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പോലീസ്.സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന സൂചനകളാണ് പൊലീസിന് പ്രാഥമികമായി ലഭിച്ചിരിക്കുന്നത്. സ്ഥലത്തെ സിസി ടിവി ക്യാമറകള്‍ അക്രമം നടത്തുന്ന ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ  തിരിച്ചുവച്ചിരിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്ത കെട്ടിടത്തിലെ സിസി ക്യാമറയാണ് ദിശ മാറ്റി വച്ചിരുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസും കരുതുന്നു. അക്രമി സംഘമെത്തിയ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി 12.30ഓടെ വെട്ടിക്കൊലപ്പെടുത്തിയത്. വെഞ്ഞാറമ്മൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മിഥിലാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2