സാധാരണക്കാരായ ആളുകളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടിലേക്ക് അപരിചിതരായ നോർത്തിന്ത്യൻ സുന്ദരിമാരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ എത്തുന്നു. മോഹിപ്പിക്കുന്ന പ്രൊഫൈൽ ചിത്രം ഉള്ള സുന്ദരിയെ കണ്ടു റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്താൽ നിങ്ങൾ കെണിയിൽ ആയി കഴിഞ്ഞു. ഫേസ്ബുക്ക് മെസഞ്ചറിൽ സൗഹൃദപൂർവ്വം അവർ നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ചോദിക്കും, താമസംവിനാ നിങ്ങൾക്ക് വീഡിയോ കോൾ ലഭിക്കുകയും ചെയ്യും. വീഡിയോ കോൾ ആൻസർ ചെയ്യുന്ന നിങ്ങൾക്ക് ഒന്നും കാണാൻ സാധിക്കില്ല പക്ഷേ നിമിഷങ്ങൾക്കകം നിങ്ങളുടെ വാട്സ്ആപ്പ് നമ്പറിലേക്ക് ഭീഷണികൾ എത്തും. പിന്നീട് നിങ്ങളുടെ നഗ്നചിത്രവും മറുതലയ്ക്കൽ നഗ്നയായി വീഡിയോകോൾ നടത്തുന്ന യുവതിയുടെ ചിത്രവും സഹിതമുള്ള സ്ക്രീൻഷോട്ടുകൾ, സാമൂഹ്യ മാധ്യമങ്ങളിൽ ഉള്ള നിങ്ങളുടെ സുഹൃത്തുക്കളുടെ വിവരങ്ങൾ എന്നിവ അയച്ചു തരികയും അവർ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ഈ സ്ക്രീൻഷോട്ടുകളും വീഡിയോകളും നിങ്ങളുടെ സുഹൃത്തുക്കൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടുകയും ചെയ്യുമെന്ന ഭീഷണിയുമാണ് എത്തുന്നത്.

മുകളിൽ ചേർത്തിരിക്കുന്ന പ്രൊഫൈലിൽ നിന്നും സമാന പ്രൊഫൈലുകളിൽ നിന്നും ആണ് കോട്ടയം ജില്ലയിലെ വിവിധ ആളുകൾക്ക് ഫേസ്ബുക്കിലേക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ വരുന്നത്. പലപ്പോഴും ഇത്തരം പ്രൊഫൈലുകളിൽ കയറി ആളുകൾ പരിശോധിക്കുമ്പോൾ നമുക്ക് പരിചയമുള്ള രണ്ടു മൂന്നു ആളുകൾ ഇവരുടെയും സുഹൃത്തുക്കളാണ് എന്ന് കാണാൻ സാധിക്കും. പലപ്പോഴും ഈ ധൈര്യത്തിലാണ് ആളുകൾ ഇത്തരം റിക്വസ്റ്റുകൾ അക്സെപ്റ്റ് ചെയ്യുന്നത്. എന്നാൽ യാഥാർത്ഥ്യം എന്താണെന്ന് വെച്ചാൽ സമാനരീതിയിൽ മുൻപരിചയം ഒന്നുമില്ലാതെ തന്നെ ഒരാൾക്കു ലഭിക്കുന്നതുപോലെ നമ്മുടെ സുഹൃത്ത് വലയങ്ങളിൾ ഉള്ള ആളുകൾക്കും റിക്വസ്റ്റ് ലഭിക്കുമ്പോൾ അക്സെപ്റ്റ് ചെയ്യുന്നതാണ് ഇത്തരം കോമൺ ഫ്രണ്ട്സ് ഉണ്ടാകാൻ കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നിങ്ങൾ ചെയ്യേണ്ടത്:

സൈബർ ലോകത്തിലെ നിഗൂഢതയിൽ ഇരുന്ന് ചതികുഴികൾ ഒരുക്കുന്ന ഇവർക്കെതിരെ മുന്നറിയിപ്പ് നൽകുക മാത്രമേ ഒരുപരിധിവരെ പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കു ചെയ്യാൻ കഴിയുകയുള്ളൂ. ഇത്തരം സംഘങ്ങളുടെ ഉറവിടം അന്വേഷിച്ച് അവരിലേക്ക് എത്തുക പലപ്പോഴും അതിസങ്കീർണവും അസാധ്യവുമാണ്. നാം നമ്മുടെ വാതിലുകളും ജനലുകളും അടയ്ക്കുന്നത് പോലെ സാമൂഹ്യമാധ്യമങ്ങളും അപരിചിതർക്ക് മുന്നിൽ അടയ്ക്കുക എന്നത് തന്നെയാണ് ഏറ്റവും മികച്ച സുരക്ഷ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഇടപഴകാനുള്ള വേദിയാണ് സാമൂഹ്യമാധ്യമങ്ങൾ എന്ന തിരിച്ചറിവിൽ നാം മുന്നോട്ട് പോകണം. പലപ്പോഴും ഇത് മറന്ന് ഫേസ്ബുക്ക് എന്ന സാമൂഹ്യ മാധ്യമം നാം ഉപയോഗിക്കുന്നത് പരമാവധി സുഹൃത്തുക്കളെ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്. സുഹൃത്തുക്കളുടെ എണ്ണം ഒരു അളവുകോലായി മാറുമ്പോൾ അനാവശ്യമായി നാം അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഇത്തരം റിക്വസ്റ്റുകൾ സ്വീകരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ഇത്തരം ചതിക്കുഴികളിൽ നിന്ന് എളുപ്പം രക്ഷപ്പെടാനുള്ള പ്രതിരോധ നിർദ്ദേശങ്ങൾ താഴെ പറയുകയാണ്

1.ഫേസ്ബുക് പ്രൊഫൈൽ ലോക്ക് ചെയ്യുക: ഇങ്ങനെ വരുമ്പോൾ നിങ്ങൾ അനുവദിക്കുന്ന ആളുകൾക്ക് മാത്രമേ നിങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. മാത്രവുമല്ല നിങ്ങളുടെ ഫ്രെണ്ട് ലിസ്റ്റിൽ ഉള്ള ആളുകൾക്ക് മാത്രമേ നിങ്ങൾ പങ്കിടുന്ന ചിത്രങ്ങളും സന്ദേശങ്ങളും കാണുവാനോ വായിക്കുവാനോ സാധിക്കുകയുള്ളൂ.

2. അപരിചിതമായ വാട്സപ്പ് നമ്പറുകളിൽ നിന്നും വരുന്ന വീഡിയോകോൾ സ്വീകരിക്കാതിരിക്കുക.

3. അജ്ഞാതരായ സ്ത്രീകളുടെ പ്രൊഫൈലുകളിൽ നിന്നുള്ള റിക്വസ്റ്റുകൾ അക്സെപ്റ് ചെയ്യാതിരിക്കുക.

4. ഏതെങ്കിലും കാരണവശാൽ അബദ്ധത്തിൽ പെട്ടാലും ഭീഷണിക്ക് വഴങ്ങി പണം നൽകാതിരിക്കുക, ഇത്തരത്തിൽ ഒരു കെണിയിൽ നിങ്ങൾ പെട്ടു എന്ന് സുഹൃത്തുക്കളെ അറിയിക്കുക.

5. പൊലീസിലും, സൈബർ സെല്ലിലും രേഖാമൂലം പരാതി നൽകുക.