സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയില്‍ ആണ് ജോസ് കെ മാണിയുടെ തോല്‍വി പ്രധാന ചര്‍ച്ചയായത്. ജോസ് കെ മാണിയുടെ തോല്‍വിയില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷണന്‍ റിപ്പോര്‍ട്ടിനെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. തട്ടിക്കൂട്ടി ഉണ്ടാക്കിയ റിപ്പോര്‍ട്ട് ആണ് പാലായിലെയും കടുത്തുരുത്തിയിലെയും തെരഞ്ഞെടുപ്പ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. പാലായിലും കടുത്തുരുത്തിയിലും ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജാഗ്രതക്കുറവുണ്ടായി എന്നു പറയുമ്ബോള്‍ അത് ആര്‍ക്കാണ് ഉണ്ടായത് എന്ന് കൃത്യമായി വിശദീകരിക്കുന്നില്ല എന്നാണ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഗതിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടായാല്‍ അതിനെതിരെ നടപടി എടുക്കുകയാണ് പാര്‍ട്ടി രീതി. പക്ഷേ ജാഗ്രതക്കുറവുണ്ടായി എന്നത് പറയുമ്ബോഴും ആര്‍ക്കാണ് ഉണ്ടായത് എന്ന് വിശദീകരിക്കാത്തതുകൊണ്ട് നടപടിയെടുക്കാന്‍ ആകുന്നില്ല എന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഫലത്തില്‍ ഇതൊരു തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ആണ് എന്നും നേതാക്കള്‍ യോഗത്തില്‍ വിമര്‍ശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജോസ് കെ മാണിയുടെ ഞെട്ടിക്കുന്ന തോല്‍വിയെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. ജോസ് കെ മാണിയുടെ പരാതി പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വം അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ജില്ലാ നേതൃത്വം ആണ് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് രണ്ടംഗ കമ്മീഷനെ നിയോഗിച്ചത്. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ടി ജോസഫ്, ടി ആര്‍ രഘുനാഥ് എന്നിവര്‍ അംഗങ്ങളായി രണ്ടംഗ കമ്മീഷനെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ഇവര്‍ റിപ്പോര്‍ട്ട് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. ഇതില്‍ നടപടികക്ക് നിര്‍ദ്ദേശവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് പാലായിലെയും കടുത്തുരുത്തിയിലെയും തോല്‍വിയില്‍ നടപടി വേണ്ട എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയത് വലിയ നേട്ടമായി എന്നും ജില്ലാ സമ്മേളന പ്രതിനിധികള്‍ വിലയിരുത്തി. കോട്ടയം ജില്ല യുഡിഎഫിന് വലിയ ആധിപത്യമുണ്ടായിരുന്ന ജില്ല ആയിരുന്നു. അവിടെയാണ് യുഡിഎഫിനെ അട്ടിമറിച്ച്‌ വിജയം നേടാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞത്. ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിച്ച ജില്ലാ നേതൃത്വത്തിന് പ്രതിനിധികള്‍ അഭിനന്ദനം അര്‍പ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജോസ് കെ മാണിയുടെ തോല്‍വിയില്‍ പാര്‍ട്ടി എടുത്ത തുടര്‍നടപടികളെ അംഗങ്ങള്‍ വിമര്‍ശിച്ചത്. വലിയ നേട്ടം കൊണ്ടുവന്നശേഷം ജോസ് കെ മാണി മാത്രം തോറ്റത് ദൗര്‍ഭാഗ്യകരമായി എന്നാണ് നേതാക്കളുടെ വിമര്‍ശനം. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി അനിവാര്യമാണ് എന്ന് ജില്ലാ സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ നിന്ന് രാജി വെച്ച ശേഷമാണ് ജോസ് കെ മാണി പാലായില്‍ മത്സരിച്ചത്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് ജോസ് കെ മാണിയെ മാണി സി കാപ്പന്‍ തറപറ്റിച്ചു. ഇടതുമുന്നണിയുടെ സംസ്ഥാന നേതൃത്വത്തിന് ഇത് വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. തോല്‍വിക്ക് പിന്നാലെ വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യസഭയിലേക്ക് പോകാനും ജോസ് കെ മാണി തയ്യാറായി. സമ്മേളനത്തിന്റെ മറുപടിയില്‍ പാലായിലെ തോല്‍വിയില്‍ പാര്‍ട്ടി ഔദ്യോഗിക വിശദീകരണം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക