വാഷിം​ഗ്ടൺ: തിമിംഗലത്തിന്റെ വായക്കുള്ളില്‍ അകപ്പെട്ട ഞണ്ടുപിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരികയിലെ മസചുസെറ്റ്‌സിലാണ് ഭയാനകമായ സംഭവം. തിമിംഗലത്തിന്റെ വായക്കുള്ളില്‍ അകപ്പെട്ട ഇയാളെ 30 മിനുറ്റിനു ശേഷം പുറത്തേക്കു തുപ്പുകയായിരുന്നു. വെള്ളത്തിലേക്ക് തെറിച്ചുവീണ ഇയാള്‍ക്ക് കാല്‍മുട്ടില്‍ ചെറിയ പരിക്കുണ്ട്.

മൈകിള്‍ പെകാര്‍ഡ് എന്ന 56 വയസുകാരന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞണ്ടു പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. ആഴക്കടലിലെത്തിയ തങ്ങള്‍ അതിരാവിലെ ജോലി തുടങ്ങിയതായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. ‘ശാന്തമായ അന്തരീക്ഷമായിരുന്നു. തെളിഞ്ഞ കടല്‍,’ -മൈകിള്‍ പറയുന്നു. ‘സ്‌കൂബാ വസ്ത്രങ്ങളണിഞ്ഞ് സാധാരണ മട്ടില്‍ ഞാന്‍ കടലിലേക്ക് എടുത്തു ചാടിയതായിരുന്നു. പെട്ടെന്ന്, എവിടെയോ ചെന്ന് തട്ടിയതായി തോന്നി. ആകെ ഇരുട്ടായി. ആ ഭാഗത്ത് പതിവായി കാണുന്ന വെള്ള സ്രാവുകള്‍ ആക്രമിക്കുകയായിരിക്കും എന്നാണ് ആദ്യം കരുതിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പല്ലൊന്നും കാണാതായപ്പോള്‍ സംശയമായി. പെട്ടെന്നാണ്, ദൈവമേ ഞാനൊരു തിമിംഗലത്തിന്റെ വായിലാണോ എന്ന് തോന്നിയത്. അതെന്നെ വിഴുങ്ങാന്‍ നോക്കുകയായിരുന്നു. എല്ലാം തീര്‍ന്നെന്ന് ഉറപ്പായി. ഞാന്‍ ഭാര്യയെയും മക്കളെയും ഓര്‍ത്തു. ഇതാ മരിക്കാന്‍ പോവുകയാണ് എന്ന ഭയത്തോടെ നിന്നു. പെട്ടെന്ന് തിമിംഗലം ഒന്നിളകി. വെള്ളത്തിന്റെ മുകളിലേക്ക് വന്നു. തല കുലുക്കി. പെട്ടെന്ന് ഞാന്‍ വായുവിലൂടെ കുതിച്ച്‌ വെള്ളത്തിലേക്ക് വന്നുവീണു. വിശ്വസിക്കാനായില്ല, ഞാനിപ്പോള്‍ വെള്ളത്തിലാണ്, രക്ഷപ്പെട്ടിരിക്കുന്നു-‘ ആശുപത്രിയില്‍ കിടക്കുന്നതിനിടെ മൈകിള്‍ അനുഭവം പങ്കുവെച്ചു.

മൈകിളിനെ കാണാതെ തിരച്ചില്‍ നടത്തുകയായിരുന്ന സഹപ്രവര്‍ത്തകര്‍ ഓക്‌സിജന്‍ ഉപകരണത്തില്‍നിന്നുള്ള കുമിളകള്‍ കണ്ടു. അവര്‍ നീന്തിയെത്തി, അയാളെ ബോടില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. കാല്‍മുട്ടിന് ചെറിയ പ്രശ്‌നം ഉള്ളതല്ലാതെ മറ്റ് പ്രശ്‌നം ഒന്നുമില്ലായിരുന്നു. മണിക്കൂറുകള്‍ക്കകം അയാളെ ഡിസ്ചാര്‍ജ് ചെയ്തു.

ഹംബാക് തിമിംഗലത്തിന്റെ വായില്‍നിന്നാണ് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടത്. വളര്‍ന്ന് 50 അടി നീളവും 36 ടണ്‍ ഭാരവും വരെ എത്താറുള്ള ഈ തിമിംഗലങ്ങള്‍ പരമാവധി മല്‍സ്യങ്ങളെ വിഴുങ്ങുന്നതിന് അതിന്റെ വലിയ വായ തുറന്നുവെക്കാറുണ്ട്.