കോഴിക്കോട്: ആര്‍എംപി-എല്‍ഡിഎഫ് പോരാട്ടം നടക്കുന്ന വടകരയില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ കെകെ രമയെ സന്ദ‍ശിക്കുന്ന പഴയ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി പരാതി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് എല്‍ഡിഎഫ്.

നേരത്തെ നെയ്യാറ്റിന്‍കര ഉപതെര‍ഞ്ഞെടുപ്പ് സമയത്ത് വിഎസ് -ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെ സന്ദര്‍ശിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. അന്നത്തെ സന്ദ‍ര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് ആ‍ര്‍എംപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ചിത്രങ്ങള്‍ ഫ്ലക്സ് ബോര്‍ഡുകളായി മണ്ഡലത്തിന്റെ പലയിടത്തും ഉപയോഗിക്കുന്നുണ്ടെന്നും ലഘുലേഖകളി‍ല്‍ ചിത്രത്തിനൊപ്പം വിദ്വേഷ പരാമ‍ർശങ്ങളുണ്ടെന്നുമാണ് എല്‍ഡിഎഫ് പരാതി. ഇത് സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ ചിത്രങ്ങള്‍ക്ക് ഒപ്പം കോഴിക്കോട്ടെ മുതി‍ര്‍ന്ന സിപിഎം നേതാവായിരുന്ന എം കെ കേളുവിന്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2