കോട്ടയം: സിപിഎമ്മുമായി താഴെത്തട്ടില്‍ യോജിക്കാനാകാത്തതാണ് പാലായിലെ ജോസ് കെ മാണിയുടെ തോല്‍വിക്ക് കാരണമെന്ന് കേരളാ കോണ്‍ഗ്രസ്. പ്രാദേശികമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോയെന്നാണ് സംശയമെന്ന് തോമസ് ചാഴിക്കാടന്‍ എംപി  പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാഴികാടൻ. ഇത് ഇരുപാര്‍ട്ടികളും ഗൗരവമായി പരിശോധിക്കണം.

മാണി സി കാപ്പനുമായി ഇടത് പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് നല്ല ബന്ധമാണെന്നും തോമസ് ചാഴികാടന്‍ കൂട്ടിച്ചേര്‍ത്തു. ഇടതു ശക്തികേന്ദ്രങ്ങളിൽ അടക്കം വലിയ ഭൂരിപക്ഷമാണ് മാണി സി കാപ്പൻ നേടിയത്. ഈ കണക്കുകൾ മനസ്സിലിട്ടാവണം സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഉള്ള അദ്ദേഹത്തിൻറെ പ്രസ്താവന എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

എന്നാൽ കരൂർ, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം പോലുള്ള കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിലും മാണി സി കാപ്പൻ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കേരള കോൺഗ്രസിന് വലിയ ഭൂരിപക്ഷം നൽകുന്ന കരൂർ പഞ്ചായത്തിൽ ഇത്തവണ കാപ്പൻ ഭൂരിപക്ഷം നേടി. പാലാ നിയോജക മണ്ഡലത്തിലെ കേരള കോൺഗ്രസ് ഉരുക്കുകോട്ടയായ മുത്തോലി പഞ്ചായത്തിൽ ഇത്തവണ ജോസ് കെ മാണിക്ക് 220തോളം വോട്ടുകൾ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്.

മാണി സി കാപ്പന് ലഭിച്ച വലിയ ഭൂരിപക്ഷവും ജനപിന്തുണയും ഏതെങ്കിലും പാർട്ടി വോട്ടുകൾ ചോർന്നത് കൊണ്ടാണ് എന്ന് വിലയിരുത്താൻ കഴിയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. നിഷ്പക്ഷ വോട്ടർമാർക്കിടയിൽ ഒരു കാപ്പൻ അനുകൂല വികാരം നിലനിന്നിരുന്നു. ജോസ് കെ മാണിയുടെ അവസരവാദ സമീപനങ്ങളോടും വലിയ രീതിയിൽ ജനങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു എന്നും വിലയിരുത്തലുണ്ട്. കേരള കോൺഗ്രസ് മുന്നണി വിട്ട് അതുകൊണ്ടുതന്നെ കോൺഗ്രസ് അതിശക്തമായ പ്രവർത്തനമാണ് പാലായിൽ കാണിക്കാൻ വേണ്ടി കാഴ്ചവച്ചത്. ഈ ഘടകങ്ങളെല്ലാം ആണ് വലിയ വിജയം സമ്മാനിച്ചത് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2